കൈക്കൂലി വാങ്ങുന്നതിനിടെ നേമം സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരി പിടിയിൽ
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരി പിടിയിൽ. തിരുവനന്തപുരം നേമം സബ് രജിസ്ട്രാർ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ശ്രീജയെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കൈക്കൂലിയായി നൽകിയ മൂവായിരം രൂപ ഇവരിൽ നിന്നും പിടിച്ചെടുത്തു. കല്ലിയൂർ തേരിവിളവീട്ടിൽ സുരേഷിന്റെ പരാതിയിന്മേലാണ് വിജിലൻസ് നടപടി.
അച്ഛന്റെ പേരിലുള്ള വസ്തു ഇഷ്ടദാനമായി എഴുതാൻ കഴിഞ്ഞ ശനിയാഴ്ച സുരേഷ് സബ് രജിസ്ട്രാർ ഓഫീസിലെത്തിയിരുന്നു. അസൽ പ്രമാണില്ലാത്തതിനാൽ അടയാള സഹിതം പകർപ്പെടുക്കാനാണ് സുരേഷ് ഓഫീസിലെത്തിയത്. പെട്ടെന്ന് കാര്യങ്ങൾ നടക്കുന്നതിനായി മൂവായിരം രൂപ ശ്രീജയ്ക്ക് നൽകാൻ സബ് രജിസ്ട്രാർ ആവശ്യപ്പെട്ടതായി സുരേഷ് വിജിലൻസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് വിജിലൻസ് നൽകിയ നോട്ടുമായി ഇന്നലെ രാവിലെ സുരേഷ് സബ് രജിസ്ട്രാർ ഓഫീസിലെത്തി. പണം ശ്രീജയ്ക്ക് കൈമാറുന്നതിനിടെ വിജിലൻസ് സംഘം ശ്രീജയെ കൈയോടെ പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ സബ് രജിസ്ട്രാർ സന്തോഷിന്റെ കുടപ്പനക്കുന്നിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി.