കാസര്‍കോട് പെരിയ സുബൈദ കൊലക്കേസ്: മൂന്നാംപ്രതിയെ കോടതി വെറുതെവിട്ടു
കാസര്‍കോട്: പെരിയ സുബൈദ കൊലക്കേസില്‍ ഒന്നാംപ്രതി കുഞ്ച കോട്ടക്കണ്ണി അബ്ദുള്‍ ഖാദര്‍ കുറ്റക്കാരനെന്ന് കോടതി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ബുധനാഴ്ച വിധിക്കും. അതേസമയം, കേസിലെ മൂന്നാംപ്രതിയായ അര്‍ഷാദിനെ കോടതി വെറുതെവിട്ടു. കേസിലെ രണ്ടാംപ്രതിയായ കര്‍ണാടക അസീസ് ഇപ്പോഴും ഒളിവിലാണ്.
2018 ജനുവരി 17-നാണ് പെരിയ ചെക്കിപ്പള്ളത്ത് തനിച്ച് താമസിക്കുന്ന സുബൈദയെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കുടുംബശ്രീ പ്രസിഡന്റ് കൂടിയായ സുബൈദയെ കൊലപ്പെടുത്തിയ പ്രതികള്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മുങ്ങുകയായിരുന്നു. സ്ഥലം നോക്കാനെന്ന വ്യാജേനയെത്തിയ പ്രതികള്‍ വെള്ളം ചോദിക്കുകയും തുടര്‍ന്ന് സുബൈദ വെള്ളമെടുക്കാനായി വീടിനകത്തേക്ക് പോയപ്പോള്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍. കേസില്‍ അബ്ദുള്‍ ഖാദര്‍, കര്‍ണാടക അസീസ്, അര്‍ഷാദ് എന്നിവരടക്കം ആകെ നാലുപ്രതികളുണ്ടായിരുന്നത്. ഇതില്‍ നാലാംപ്രതിയെ പിന്നീട് മാപ്പുസാക്ഷിയാക്കി.
എന്നാല്‍ മറ്റൊരു കേസില്‍ കര്‍ണാടകയിലെ കോടതിയില്‍ ഹാജരാക്കി തിരികെകൊണ്ടുവരുന്നതിനിടെ രണ്ടാംപ്രതി അസീസ് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. 2018 സെപ്റ്റംബര്‍ 14-ന് സുള്ള്യയില്വെച്ചാണ് ഇയാള്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം കാസര്‍കോട്ടേക്കുള്ള ബസ്സില്‍ ഇരിക്കുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞാണ് അസീസ് പുറത്തിറങ്ങിയത്. തുടര്‍ന്ന് സമീപത്തെ മതിലിനടുത്തേക്ക് മൂത്രമൊഴിക്കാനായി പോയ ഇയാള്‍ പെട്ടെന്ന് പോലീസിനെ കബളിപ്പിച്ച് മതില്‍ചാടി ഓടിമറയുകയായിരുന്നു. ഇയാളെ പിടികൂടാനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയും വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് അസീസ്.