അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചു; സ്റ്റുഡിയോ ഉടമക്കെതിരെ പരാതി
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തന്റെ അനുവാദമില്ലാതെ ഇയാള്‍ ചിത്രം ഉപയോഗിച്ചെന്നും കടയുടെ മുമ്പിലും തന്റെ ചിത്രം പ്രദര്‍ശിപ്പിച്ചെന്നും യുവതി പറഞ്ഞു.
ഷാര്‍ജ: അനുവാദമില്ലാതെ തന്റെ ഫോട്ടോ സ്റ്റുഡിയോയിലും സോഷ്യല്‍ മീഡിയയിലും പ്രദര്‍ശിപ്പിച്ച യുവാവിനെതിരെ അറബ് സ്ത്രീ പരാതി നല്കി. അറബ് വംശജനായ ഫോട്ടോ സ്റ്റുഡിയോ ഉടമയ്ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. ഷാര്‍ജ മിസ്ഡിമീനര്‍ കോടതിയാണ് കേസ് പരിഗണിച്ചത്.
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തന്റെ അനുവാദമില്ലാതെ ഇയാള്‍ ചിത്രം ഉപയോഗിച്ചെന്നും കടയുടെ മുമ്പിലും തന്റെ ചിത്രം പ്രദര്‍ശിപ്പിച്ചെന്നും യുവതി പറഞ്ഞു. ഒരു കടയ്ക്ക് വേണ്ടി അബായകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 2017ലാണ് യുവതി ഇയാളുടെ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ പോയത്. പിന്നീടാണ് സ്റ്റുഡിയോയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തന്റെ ചിത്രം ഉപയോഗിക്കുന്നതായി യുവതി അറിഞ്ഞത്. തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി സ്റ്റുഡിയോ ഉടമയ്ക്ക് 20,000 ദിര്‍ഹം പിഴ വിധിച്ചു. എന്നാല്‍ യുവാവ് ഇതിനെതിരെ അപ്പീല്‍ നല്കി. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അപ്പീല്‍ കോടതി, ക്രിമില്‍ കോടതിയോട് പിഴ വിധിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.