നടി വീണ കപൂറിന്റെ മൃതദേഹം വലിച്ചെറിഞ്ഞത് കൊക്കയിലേക്ക്, മരത്തില്‍ തൂങ്ങിനിന്നു; ബാറ്റും കണ്ടെത്തി
മുബൈ: പ്രശസ്ത ടെലിവിഷന്‍ നടി വീണാ കപൂറിനെ (74) മകന് സച്ചിന് കപൂര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബേസ്ബോള്‍ ബാറ്റ് കണ്ടെത്തിയെന്ന് പോലീസ്. ജുഹുവിലെ കല്പതരു ഹൗസിങ് സൊസൈറ്റിയിലെ വീണയുടെ ഫ്ളാറ്റിന്റെ വാതിലിനു സമീപത്തുനിന്നാണ് ബാറ്റ് കണ്ടെത്തിയത്.
സംഭവത്തില്‍ സച്ചിന് കപൂറിനെയും വീട്ടുജോലിക്കാരന് ലാലുകുമാര്‍ മണ്ഡലിനെയും പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് വീണയെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് മകന് മൊഴിനല്‍കിയെന്ന് പോലീസ് പറഞ്ഞു.
മാഥേരാനിലെ ഹില്സ്റ്റേഷന് മേഖലയിലെ കൊക്കയില്നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റിലെ സുരക്ഷാജീവനക്കാരാണ് ഡിസംബര്‍ ആറിന് ഇവരെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് മകനെ ചോദ്യംചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. 12 കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
വീണയെ കൊലപ്പെടുത്തിയശേഷം വീട്ടുജോലിക്കാരന് ലാലു കുമാറിന്റെ സഹായത്തോടെ 80 കിലോമീറ്റര്‍ ദൂരെയുള്ള മാഥേരാന് മലയിലെത്തി മൃതദേഹം വലിച്ചെറിയുകയായിരുന്നു. 2000 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കെറിഞ്ഞ മൃതദേഹം ആരും കണ്ടെത്തില്ലെന്നായിരുന്നു പ്രതി കരുതിയത്. എന്നാല്‍, മലമുകളില്‍നിന്ന് 200 മീറ്റര്‍ താഴെയായി ഒരു മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.
മകനെ ഫ്ളാറ്റില്‍നിന്ന് പുറത്താക്കാന്‍ വീണ നേരത്തേ ഹൈക്കോടതിയുടെ സഹായംതേടിയിരുന്നു. ഇതില്‍ ഇനിയും തീര്‍പ്പായിട്ടില്ല.
അധ്യാപകനായിരുന്ന സച്ചിന് ഇപ്പോള്‍ തൊഴില്‍രഹിതനാണ്. ഫ്ളാറ്റില്‍ ഇവര്‍ രണ്ടുപേരുംമാത്രമാണ് താമസിച്ചിരുന്നത്. വീണയുടെ മൂത്തമകന് യു.എസിലാണ്. ഫ്ളാറ്റ് തട്ടിയെടുക്കാന്‍ സച്ചിന് പദ്ധതിയിട്ടിരുന്നതായി ഡി.സി.പി. അനില്‍ പരാസ്കര്‍ പറഞ്ഞു