എല്ലാ വീടുകളിലും ക്യൂ ആര് കോഡ്; മാലിന്യ സംസ്കരണം ടൈംലിയാകും, വിവരങ്ങള്‍ തത്സമയം
2016 ലാണ് കേരളത്തെ രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ സംസ്ഥാനമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്തെ മൊബൈല്‍ നെറ്റ് വര്‍ക്ക് കണക്കുകള്‍, ഇ-ഭരണനിര്‍വഹണം, ബാങ്കിങ് സംവിധാനങ്ങള്‍ എന്നിവ കണക്കിലെടുത്തായിരുന്നു ഇത്തരമൊരു പദവിക്ക് സംസ്ഥാനം അര്‍ഹമായത്. എന്നാല്‍ ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ലക്ഷ്യത്തിന് മുന്നിലാണ് നാം. സംസ്ഥാനത്തെ മാലിന്യ സംസ്കരണ സംവിധാനം പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തോടെ ശുചിത്വ മാലിന്യ സംസ്കരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഹരിതകേരളം മിഷന്റെ കീഴില്‍ ഹരിതമിത്രം ആപ്ലിക്കേഷന്‍ രൂപം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
ഹരിതകേരളം മിഷന്
സംസ്ഥാനത്തെ ശുചിത്വവും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതകേരളം മിഷന്.
ശുചിത്വ മാലിന്യ സംസ്കരണം, മണ്ണ്-ജല സംരക്ഷണം, ജൈവകൃഷിക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള കൃഷിവികസനം എന്നീ മേഖലകളില്‍ വികസനമെത്തിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യങ്ങള്‍. ഇതിനായി സര്‍ക്കാരിതര സംഘടനകള്‍, വിദ്യാഭ്യാസ- ആരോഗ്യസംരക്ഷണ കൂട്ടായ്മകള്‍ തുടങ്ങിയ ബഹുവിധ സഹായസഹകരണങ്ങളോടെയായിരിക്കും മിഷന് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
സമ്പൂര്‍ണ്ണ മാലിന്യമുക്തി, പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവ് ചുരുക്കല്‍, പുനരുപയോഗം, തിരിച്ചെടുക്കല്‍, പുനര്‍ചംക്രമണം എന്നിവ കേന്ദ്രീകരിച്ചുകൊണ്ടാണ് ശുചിത്വ മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കുന്നത്.
ഹരിതമിത്രം ആപ്ലിക്കേഷന്‍
മാലിന്യസംസ്കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതാത് സമയങ്ങളില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ വിലയിരുത്തുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്, ശുചിത്വ മിഷന്, കില എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം.
വീട് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സമയബന്ധിതമായും കുറ്റമറ്റതായും നടത്തുക എന്നതാണ് പദ്ധതിയിലൂടെ തദ്ദേശസ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ വീടുകളില്‍ ക്യൂ.ആര് കോഡ് പതിപ്പിച്ചുള്ള വിവരശേഖരണം പുരോഗമിക്കുകയാണ്.
കൈമാറുന്ന മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, കലണ്ടര്‍ പ്രകാരമുള്ള പാഴ്വസ്തു ശേഖരണം, കൈമാറുന്ന തീയതി എന്നീ വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാവും. യൂസര്‍ ഫീ നല്‍കുന്നതുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും സംസ്ഥാനത്തുടനീളം ഉയര്‍ന്നിരുന്നു. ആയതിനാല്‍ നല്കിയ യൂസര്‍ ഫീ, യൂസര്‍ഫി നല്‍കാത്ത ഉടമകളുടെ വിവരങ്ങള്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യവും ആപ്പില്‍ ലഭ്യമായിരിക്കും. ഇത്തരത്തില്‍ കാര്യങ്ങള്‍ ആപ്പിലൂടെ സാങ്കേതികമാകുന്നതോടെ പ്രവര്‍ത്തനം കാര്യക്ഷമമാകുമെന്നും പരാതികള്‍ കുറയുമെന്നുമാണ് കരുതുന്നത്. കൂടാതെ വരിസംഖ്യ അടയ്ക്കുന്നതിനുള്ള സംവിധാനവും ആപ്പിലുള്ളതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുക, അലക്ഷ്യമായി വലിച്ചെറിയുക എന്നിങ്ങനെയുള്ള മലിനീകരണ പ്രശ്നങ്ങള്‍ മേലധികാരികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്താനുള്ള സംവിധാനവും ആപ്ലിക്കേഷനില്‍ ഉണ്ടാകും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ മാലിന്യസംസ്കരണമാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
ഹരിതമിത്രത്തിന്റെ ഭാഗമായി ക്യുആര്‍ കോഡ് സ്ഥാപിക്കുന്നതിനുള്ള സൗകര്യപ്രദമായ സ്ഥലസൗകര്യം നല്‍കണമെന്ന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവശ്യപ്പെട്ടിട്ടുണ്ട്. പതിപ്പിക്കുന്ന മുദ്ര നീക്കം ചെയ്യുവാനോ നശിപ്പിക്കുവാനോ പാടില്ല എന്നും വകുപ്പ് വ്യക്തമാക്കുന്നുണ്ട്.
ക്യു.ആര് കോഡ് പതിപ്പിക്കുന്നതിനും വിവരശേഖരണത്തിനുമായി ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ വീടുകളില്‍ എത്തുമ്പോള്‍ റേഷന്‍ കാര്‍ഡ്, വീട് നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നീ രേഖകള്‍ ജനങ്ങള്‍ സജ്ജമാക്കി വയ്ക്കേണ്ടതാണ്.