‘MBBS സീറ്റ് കിട്ടിയതിന് നാട്ടില്‍ സ്വീകരണം’; ആള്‍മാറാട്ടമോ വ്യാജരേഖയോ ഇല്ല, കേസ് അവസാനിപ്പിക്കുന്നു
നവംബര്‍ 29 മുതല്‍ നാലുദിവസമാണ് 19-കാരി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ എം.ബി.ബി.എസ്. ക്ലാസിലിരുന്നത്. നേരത്തെ നീറ്റ് പരീക്ഷ എഴുതിയിരുന്ന പെണ്‍കുട്ടി പരീക്ഷാഫലം വന്ന സമയത്ത് ഗോവയിലേക്ക് വിനോദയാത്ര പോയതായിരുന്നു.
കോഴിക്കോട്: മെഡിക്കല്‍ പ്രവേശന യോഗ്യത നേടാതെ പ്ലസ്ടു വിദ്യാര്‍ഥിനി എം.ബി.ബി.എസ്. ക്ലാസിലിരുന്ന സംഭവത്തില്‍ പോലീസ് കേസ് അവസാനിപ്പിക്കുന്നു. വിദ്യാര്‍ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജരേഖ ചമയക്കുകയോ ചെയ്യാത്തതിനാല്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ കേസ് അവസാനിപ്പിക്കാനാണ് തീരുമാനം.
നവംബര്‍ 29 മുതല്‍ നാലുദിവസമാണ് 19-കാരി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷം എം.ബി.ബി.എസ്. ക്ലാസിലിരുന്നത്. നേരത്തെ നീറ്റ് പരീക്ഷ എഴുതിയിരുന്ന പെണ്‍കുട്ടി പരീക്ഷാഫലം വന്ന സമയത്ത് ഗോവയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഇവിടെവെച്ച് ഫലം നോക്കിയപ്പോള്‍ നീറ്റ് യോഗ്യത നേടിയെന്നാണ് കരുതിയിരുന്നത്. തുടര്‍ന്ന് നാട്ടിലുള്ള വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം വിവരമറിയിച്ചു. ഇക്കാര്യം ബന്ധുക്കളടക്കം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ നാട്ടിലെത്തി വീണ്ടും ഫലം പരിശോധിച്ചപ്പോഴാണ് തന്റെ റാങ്ക് പതിനായിരത്തിന് മുകളിലാണെന്നും മെഡിക്കല്‍ പ്രവേശനം ലഭിക്കില്ലെന്നും പെണ്‍കുട്ടിക്ക് മനസിലായത്.
ഇതിനിടെ എം.ബി.ബി.എസ്. പ്രവേശനം കിട്ടി എന്ന് കരുതി കുട്ടി കൂട്ടുകാരെ ഇക്കാര്യം അറിയിക്കുകയും നാട്ടില്‍ സ്വീകരണം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഉണ്ടാവുന്ന അപമാനം ഭയന്നാണ് ക്ലാസില്‍ ഇരുന്നുള്ള ഒരു ഫോട്ടോ എടുക്കാന്‍ കുട്ടി മെഡിക്കല്‍ കോളേജില്‍ എത്തിയത്. എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുക എന്നല്ലാതെ കുട്ടിക്ക് വേറെ ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും കുട്ടിയുടെ മൊഴി എടുക്കുകയും വിശദമായി അന്വേഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായതോടെയാണ് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും പോലീസ് പറയുന്നു.
കുട്ടി മനപ്പൂര്‍വം ചെയ്തതല്ലെന്നും ചെയ്ത തെറ്റില്‍ കുട്ടി മാപ്പ് പറഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വ്യാജരേഖ ചമയ്ക്കുകയോ ആള്‍മാറാട്ടം നടത്തുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായതിനാല്‍ കുട്ടിയുടെ ഭാവി കൂടി കണക്കിലെടുത്താണ് പോലീസ് കേസ് അവസാനിപ്പിക്കുന്നത്
പ്രവേശനപരീക്ഷയില്‍ യോഗ്യതനേടി ആദ്യ അലോട്മെന്റില്‍ കോളേജിലെത്തിലെത്തിയ 170 കുട്ടികളുടെ ക്ലാസ് നവംബര്‍ 15-ന് തുടങ്ങിയിരുന്നു. രണ്ടാഴ്ചകഴിഞ്ഞ് രണ്ടാംഘട്ട അലോട്മെന്റിനുശേഷം ക്ലാസ് തുടങ്ങിയപ്പോഴാണ് യോഗ്യതയില്ലാത്ത വിദ്യാര്‍ഥിനി എം.ബി.ബി.എസ്. ക്ലാസിലിരുന്നത്. ഈ ബാച്ചില്‍ 49 കുട്ടികളാണെത്തിയത്. 29 -ന് രാവിലെ ക്ലാസ് തുടങ്ങാന്‍നേരം വിദ്യാര്‍ഥികള്‍ കൂട്ടമായെത്തിയപ്പോള്‍ പ്രവേശനകാര്‍ഡ് പരിശോധിക്കാതെ പേര് ഹാജര്‍പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു.
തലേദിവസംതന്നെ അലോട്മെന്റ് ലിസ്റ്റ് കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കിയിരുന്നെങ്കിലും ഇക്കാര്യം ക്ലാസിന്റെ ചുമതലയിലുള്ളവരെ അറിയിക്കുന്നതില്‍ പറ്റിയ വീഴ്ചയാണ് വ്യാജപ്രവേശനത്തിന് കാരണമായത്. ഹാജര്‍പട്ടികയില്‍ എല്ലാവരുടെയും പേര് ചേര്‍ത്തുകഴിഞ്ഞ് ‘ഇനി ആരുടെയെങ്കിലും പേര് ചേര്‍ക്കാനുണ്ടോ’ യെന്ന് അധ്യാപിക ചോദിച്ചപ്പോള്‍ ഈ കുട്ടി പേരുപറയുകയായിരുന്നു. ഇതേ രജിസ്റ്ററിലാണ് തുടര്‍ന്നുള്ള ദിവസങ്ങളിലും കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തിയതെന്നാണ് വകുപ്പുമേധാവികളുടെ വിശദീകരണം.