ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ മറന്നുവെച്ച സംഭവം: വകുപ്പുതല അന്വേഷണം എങ്ങുമെത്തിയില്ല
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ഉപകരണം മറന്നുവെച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം എങ്ങുമെത്തിയില്ല. തെളിവെടുത്തിട്ട് രണ്ടുമാസം ആകുമ്പോഴും റിപ്പോര്‍ട്ട് പുറത്തുവരാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പരാതിക്കാരിയായ ഹര്‍ഷിന. വീണ്ടും ആരോഗ്യ പ്രശ്നങ്ങള്‍ വന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അവര്‍.
ഡിസ്ചാര്‍ജ് ചെയ്താലും അന്വേഷണത്തില്‍ നടപടി ഉണ്ടാകാതെ ആശുപത്രിയില്‍ നിന്ന് പോകില്ലെന്ന നിലപാടിലാണ് ഹര്‍ഷിന. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഹര്‍ഷിന പറയുന്നു. വകുപ്പുതല അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ പലതവണ മന്ത്രിയുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഹര്‍ഷിന പറയുന്നു.
2017-ലാണ് പ്രസവ ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചത്. തുടര്‍ന്ന് ആരോഗ്യമന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല.