ലഹരിയുടെ മാരകപ്രഹരം, വെള്ളമെടുത്ത് തലയിലൂടെ ഒഴിച്ചു’- പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
വടകര: അഴിയൂരില്‍ ലഹരിക്കടത്തിന് വിദ്യാര്‍ഥിനിയെ ഉപയോഗിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പെണ്‍കുട്ടി ഭാവനയിലുള്ള കാര്യങ്ങളാണ് പറയുന്നതെന്ന് വരുത്തിത്തീര്‍ത്ത് പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നത് സംശയാസ്പദമാണെന്ന് പെണ്‍കുട്ടിയുടെ മാതാവും പിതൃമാതാവും മാധ്യമങ്ങളോട് പറഞ്ഞു.
എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വ്യക്തമായ മൊഴിനല്‍കിയിട്ടും ലഹരിസംഘത്തിലേക്ക് അന്വേഷണമെത്താതെ പോലീസ് സംരക്ഷണം തീര്‍ക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. മൊബൈലില്‍ കണ്ട ചില കാര്യങ്ങളാണ് നടന്ന സംഭവമെന്ന രീതിയില്‍ പെണ്‍കുട്ടി പറയുന്നതെന്ന വിചിത്രമായ കണ്ടെത്തലാണ് കഴിഞ്ഞദിവസം വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
കുട്ടിയെ മയക്കുമരുന്ന് മണപ്പിച്ച യുവാവിനെയും ലഹരിമരുന്ന് ചേര്‍ത്ത ബിസ്കറ്റ് നല്കിയ യുവതിയെയും വിശദമായി ചോദ്യംചെയ്യാനും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനും പോലീസ് തയ്യാറാവണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഉന്നതതല അന്വേഷണം വേണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. തലശ്ശേരിയിലേക്ക് ലഹരിയെത്തിക്കാന്‍ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച സംഭവത്തില്‍ നിജസ്ഥിതി അറിയാന്‍ പോലീസ് ഒന്നുംചെയ്യുന്നില്ലെന്നും മാതാവ് പറഞ്ഞു.