നടുറോഡില്‍ മോഷ്ടാക്കളെ നേരിട്ട് പെണ്‍കുട്ടി; ബൈക്കില്‍നിന്ന് വലിച്ചിട്ട് കൈകാര്യംചെയ്തു
മീററ്റ്: മുത്തശ്ശിയുടെ കമ്മലുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്മാരെ നടുറോഡില്‍ നേരിട്ട് പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ മീററ്റ് മോഡിപുരം സ്വദേശി റിയ അഗര്‍വാള്‍(20)ആണ് ബൈക്കിലെത്തിയ മോഷ്ടാക്കളെ വാഹനത്തില്‍നിന്ന് വലിച്ച് താഴെയിട്ട് ഉശിരോടെ നേരിട്ടത്. ഒരു കമ്മലുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടെങ്കിലും ഇരുവരെയും പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ശിവംകുമാര്‍(25) സച്ചിന് കുമാര്‍(24) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ട് മീററ്റിലെ ലാല്‍ കുര്‍ത്തി മേഖലയിലായിരുന്നു സംഭവം. മുത്തശ്ശിയായ സന്തോഷ് അഗര്‍വാളി(80)നൊപ്പം ലാല്‍ കുര്ത്തിയിലെ ബന്ധുവീട്ടിലേക്ക് നടന്നുപോവുകയായിരുന്നു റിയ. ഇതിനിടെയാണ് ബൈക്കിലെത്തിയ രണ്ട് മോഷ്ടാക്കള്‍ മുത്തശ്ശിയുടെ കമ്മല്‍ പൊട്ടിച്ചെടുത്തത്. ഇതോടെ ഒപ്പമുണ്ടായിരുന്ന റിയ, ബൈക്ക് പിടിച്ചുവെച്ച് മോഷ്ടാക്കളെ വാഹനത്തില്‍നിന്ന് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് ഒരാളുമായി മല്പ്പിടിത്തത്തിലേര്പ്പെടുകയും ചെയ്തു. ഇയാളെ കൈകാര്യം ചെയ്യുന്നതിനിടെ രണ്ടാമന് ബൈക്ക് സ്റ്റാര്‍ട്ടാക്കി രക്ഷപ്പെടാന്‍ ശ്രമം ആരംഭിച്ചിരുന്നു. പിന്നാലെ പെണ്‍കുട്ടിയുടെ പിടിയില്‍നിന്ന് കുതറിമാറി ഇയാളും ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
മോഷ്ടാക്കള്‍ രക്ഷപ്പെട്ടതോടെ പെണ്‍കുട്ടിയും മുത്തശ്ശിയും വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആറുമണിക്കൂറിനുള്ളില്‍ രണ്ടുപ്രതികളെയും പോലീസ് പിടികൂടിയത്.
ബൈക്കില്‍ കടന്നുകളഞ്ഞ രണ്ടുപേരും നീല്നഗര് മാര്‍ക്കറ്റ് ഭാഗത്തേക്കാണ് പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസിന് വ്യക്തമായിരുന്നു. ഇതിനിടെ പ്രതികളുടെ ബൈക്കിന്റെ നമ്പറും കണ്ടെത്തി. ഈ രജിസ്ട്രേഷന് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാളുടെ മൊബൈല്‍ നമ്പര്‍ കിട്ടി. തുടര്‍ന്ന് ഈ മൊബൈല്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുകയും പ്രതികളെ പോലീസ് പിടികൂടുകയുമായിരുന്നു.
ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ പിടികൂടിയതെന്നാണ് പോലീസിന്റെ വിശദീകരണം. പോലീസ് സംഘത്തെ കണ്ടപ്പോള്‍ പ്രതികള്‍ വെടിയുതിര്‍ത്തെന്നും തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടലുണ്ടായെന്നും എസ്.എസ്.പി. രോഹിത് സിങ് സജ്വാന് പറഞ്ഞു. മോഷ്ടാക്കളെ നേരിട്ട റിയ അഗള്‍വാള്‍ കാണിച്ചത് വലിയ ധൈര്യമാണെന്നും പെണ്‍കുട്ടിയെ പോലീസ് ആദരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.