ബാങ്കില്‍ രണ്ടുകോടിയുടെ തട്ടിപ്പ്;ഒരാള്‍കൂടി പിടിയില്‍,അറസ്റ്റ് വിദേശത്തുനിന്ന് തിരികെ എത്തിയപ്പോള്‍
ശക്തികുളങ്ങരയിലെ സ്വകാര്യ ബാങ്കില്‍ 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സ്ഥിരനിക്ഷേപം നടത്തിയിരുന്ന 11 അക്കൗണ്ടുകളില്‍നിന്നാണ് അഞ്ചുപേരടങ്ങുന്ന സംഘം തട്ടിപ്പ് നടത്തിയത്. ഈ കാലയളവിലെ ബാങ്കിന്റെ ശാഖാ മാനേജര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് തിരിമറി നടത്തിയത്.
കൊല്ലം: സ്വകാര്യ ബാങ്കിലെ സ്ഥിരനിക്ഷേപ അക്കൗണ്ടുകളില്‍ തിരിമറിനടത്തി രണ്ടുകോടിയിലധികം പണം തട്ടിയെടുത്തശേഷം വിദേശത്തേക്ക് കടന്ന ഒരാള്‍കൂടി അറസ്റ്റിലായി. കേസിലെ രണ്ടാംപ്രതിയായ പാരിപ്പള്ളി മുക്കട ഫിറോസ് ഹൗസില്‍ ഹഫീസിനെ(36)യാണ് വിദേശത്തുനിന്ന് തിരികെയെത്തിയപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ശക്തികുളങ്ങര പോലീസ് പിടികൂടിയത്.
ശക്തികുളങ്ങരയിലെ സ്വകാര്യ ബാങ്കില്‍ 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സ്ഥിരനിക്ഷേപം നടത്തിയിരുന്ന 11 അക്കൗണ്ടുകളില്‍നിന്നാണ് അഞ്ചുപേരടങ്ങുന്ന സംഘം തട്ടിപ്പ് നടത്തിയത്. ഈ കാലയളവിലെ ബാങ്കിന്റെ ശാഖാ മാനേജര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് തിരിമറി നടത്തിയത്. കേസിലെ അഞ്ചാംപ്രതി തിരുവനന്തപുരം വെമ്പായം കൊഞ്ചിറിപോക്കുന്നില് സജീബ് മന്‍സിലില്‍ സാജിദ് നേരത്തേ അറസ്റ്റിലായിരുന്നു. പുതുതായി ബാങ്കില്‍ നിയമിതനായ മാനേജര്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ബാങ്കില്‍ സ്ഥിരനിക്ഷേപമുണ്ടായിരുന്ന പതിനൊന്ന് അക്കൗണ്ടുകളില്‍നിന്ന് രണ്ടുകോടി രൂപ ഉടമകളറിയാതെ ഓവര്‍ഡ്രാഫ്റ്റായി പ്രതികള്‍ വ്യാജമായി നിര്‍മിച്ച ഐ.ടി. കമ്പനിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ഈ പണം അഞ്ചുപേരുംചേര്ന്ന് വീതിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. ഇതുവഴി 2.12 കോടി രൂപയുടെ ബാധ്യതയാണ് ബാങ്കിനുണ്ടായത്.
പണമിടപാട് നടത്തിയ ഐ.ടി. കമ്പനി വ്യാജമായി നിര്‍മിച്ചതാണെന്നും തട്ടിപ്പില്‍ ബാങ്ക് മാനേജര്‍ക്ക് സഹായം നല്കിയ നാലുപേര്കൂടിയുണ്ടെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികള്‍ക്കായി തിരച്ചിലാരംഭിച്ചെങ്കിലും അഞ്ചാംപ്രതിയെ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നുള്ളൂ. തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംപ്രതിയായ ഹഫീസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നു പിടികൂടാനായത്.
ശക്തികുളങ്ങര പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറുടെ ചാര്‍ജ് വഹിക്കുന്ന അഞ്ചാലൂംമൂട് ഇന്‍സ്പെക്ടര്‍ ധര്‍മജിത്തിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ.മാരായ രാജേഷ്, അനില്‍കുമാര്‍, ബാബുക്കുട്ടന്, സി.പി.ഒ.മാരായ ഹാരോണ്‍, ശ്രീകാന്ത്, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.