ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് എത്തിക്കാന്‍ തയാറായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം. ഈ വിമാനം മുംബയില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനം കൊറോണ രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലേക്ക് പുറപ്പെടുക. ഇതിനായുള്ള വിമാന ക്രൂവും സജ്ജമായിക്കഴിഞ്ഞു. 16 എയര്‍ ഇന്ത്യ ജീവനക്കാരുമായാണ് വിമാനം ചൈനയിലേക്ക് പുറപ്പെടുക.
വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള 600 ഇന്ത്യക്കാരാണ് ചൈനയിലെ ബീജിംഗിലുള്ള ഇന്ത്യയുടെ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവായ രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ചൈനയില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന ആവശ്യവുമായി നിരവധി പേര് വീഡിയോ ദൃശ്യം ഉപയോഗിച്ചും മറ്റും സോഷ്യല്‍ മീഡിയ വഴി അപേക്ഷകളുമായും രംഗത്തെത്തിയിരുന്നു.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചൈനയിലെ ഹുബെയിലും വുഹാനിലും വിമാനമിറങ്ങാന്‍ അനുമതി തേയിടിയിട്ടുണ്ടെന്നും ഇത് ലഭിച്ചാലുടന്‍ ഇത് സംബന്ധിച്ചുള്ള നടപടി ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 1200ഓളം ഇന്ത്യക്കാരാണ് നിലവില്‍ ചൈനയില്‍ ഉള്ളതെന്നാണ് കണക്ക്. ഇവരില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് പേര് നല്‍കാവുന്നതാണെന്നും ആരെയും നിര്‍ബന്ധപൂര്‍വ്വം ഇന്ത്യയിലേക്ക് കൊണ്ടുവരികയില്ലെന്നും നയതന്ത്ര കാര്യാലയം പറയുന്നു.
ഇന്ത്യന്‍ പൗരന്മാര്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തുനല്‍കുന്നതിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇതിനിടെ ചൈനയില്‍ നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങിയ വിദേശികളെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ചൈന ആരംഭിച്ചിട്ടുണ്ട്.