കുട്ടിയെ നോക്കാത്തതിന് അമ്മായിയച്ഛൻ യുവതിയെ വഴക്കുപറഞ്ഞു, വിവരമറിഞ്ഞപ്പോൾ കാമുകന് സഹിച്ചില്ല; ഹെൽമറ്റ് ധരിച്ചെത്തി പ്രതികാരം ചെയ്ത യുവാവ് അഴിക്കുള്ളിൽ
ചാരുംമൂട്: കുട്ടിയെ വേണ്ടവിധം പരിചരിക്കാത്തത് ചോദ്യം ചെയ്ത ഭർത്തൃപിതാവിനെ, കമ്പിവടിക്ക് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ മർദ്ദിച്ച കേസിൽ മകന്റെ ഭാര്യ ശ്രീലക്ഷ്മി, കാമുകനായ നൂറനാട് വില്ലേജ് പുതുപ്പള്ളി കുന്ന് മുറിയിൽ പാറപ്പുറത്ത് വടക്കേതിൽ ബിപിൻ എന്നിവരെയാണ് കൊലപാതക ശ്രമത്തിന് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29ന് രാത്രി 11ന് വീടിന് സമീപത്തെ റോഡിൽ വച്ചായിരുന്നു സംഭവം. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് കമ്പിവടി കൊണ്ട് തലയ്ക്കും ശരീരമാസകലവും അടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. അവശനായ രാജുവിന് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തലയ്ക്ക് 15 തുന്നലുണ്ടായി. നൂറനാട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്തു. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാൾ വാഹനത്തിൽ പോകുന്നതായി കണ്ടെങ്കിലും വ്യക്തമല്ലായിരുന്നു. അടിയേറ്റ ദിവസം വൈകിട്ട് രാജുവും മരുമകളും തമ്മിൽ വഴക്കുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീലക്ഷ്മിയെ പൊലീസ് സംശയ നിഴലിലാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ശ്രീലക്ഷ്മി പറഞ്ഞതനുസരിച്ചാണ് രാജുവിനെ ആക്രമിക്കുവാൻ ബിപിൻ തീരുമാനിച്ചത്.പടനിലം ജംഗ്ഷനിലേക്ക് പോയ രാജു ബൈക്കിൽ തിരികെ വരുമ്പോൾ ബിപിൻ പിന്തുടരുകയും വീടിനു സമീപം എത്തിയപ്പോൾ മറികടന്ന് ബൈക്ക് തടഞ്ഞുനിറുത്തി കമ്പിവടിക്ക് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
മരുമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിപിന്റെ സാന്നിദ്ധ്യം മനസിലായ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരന്നു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
നൂറനാട്സി.ഐ പി. ശ്രീജിത്ത്, എസ്.ഐ നിതീഷ്, ജൂനിയർ എസ്.ഐ ദീപു പിള്ള, എസ്.ഐ രാജേന്ദ്രൻ, സി.പി.ഒമാരായ കലേഷ്, വിഷ്ണു രഞ്ജിത്ത്, പ്രസന്ന എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.