നാലുവർഷത്തിനുശേഷം കൊതുകുപരത്തുന്ന മാരക രോഗം വീണ്ടും കേരളത്തിൽ, മരണത്തിൽ നിന്ന് രക്ഷപ്പെട്ടാലും ആഘാതം വലുത്
കോഴിക്കോട്: ജില്ലയിൽ ജപ്പാൻ ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം വടകര പാക്കയിൽ പ്രദേശത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ പത്ത് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
നാലുവർഷത്തിനുശേഷം വീണ്ടും ജില്ലയിൽ ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത് കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസ്ട്രിക്ട് വെക്ടർ കൺട്രോൾ യൂണിറ്റ് പ്രദേശത്ത് പരിശോധന ആരംഭിച്ചു. ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ പനി ബാധിച്ചവരുടെ കണക്കെടുപ്പ് നടന്നുവരികയാണ്. പ്രദേശത്ത് ഫോഗിംഗ് നടത്തി. ജ്വരം സ്ഥിരീകരിച്ച കുട്ടിയും കുടുംബവും ഒക്ടോബറിൽ സ്വദേശമായ ആഗ്രയിൽ പോയി നവംബറിലാണ് തിരിച്ചെത്തിയത്. ഇവരുടെ നാട്ടിൽ ജപ്പാൻ ജ്വരമുണ്ടെന്ന് പറയുന്നു. ഇവിടെ നിന്നാകാം കുട്ടിക്കും രോഗബാധ യേറ്റിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം.
ജപ്പാൻ ജ്വരം എങ്ങനെ
ഒരു തരം വൈറസാണ് ജപ്പാൻ ജ്വരത്തിന് കാരണം. പകരുന്നത് ക്യൂലെക്സ് കൊതുകു വഴിയാണ്. ഇതേ വിഭാഗത്തിലുള്ള കൊതുകുകളാണ് മന്തുരോഗവും ഉണ്ടാക്കുന്നത്. പന്നികൾ, ദേശാടന കിളികൾ എന്നിവയുടെ രക്തം കുടിക്കുന്ന ഇത്തരം കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് മനുഷ്യരിൽ ജപ്പാൻ ജ്വരം ഉണ്ടാകുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ അസുഖം പകരില്ല.
പ്രതിരോധിക്കാം
രോഗ വ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുകയും കൊതുകുകടി ഏൽക്കാതിരിക്കാനായി കൊതുകുവലകൾ, ലേപനങ്ങൾ, കൊതുകുതിരികൾ, ശരീരം മൂടുന്ന നീളൻ വസ്ത്രങ്ങൾ എന്നിവയും ഉപയോഗിക്കുക.
രോഗലക്ഷണങ്ങൾ
പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. ചിലരിൽ ഛർദ്ദി, വിറയൽ എന്നിവയും ഉണ്ടാകും. രോഗ തീവ്രതയ്ക്കനുസരിച്ച് ശക്തമായ തലവേദന, തളർച്ച, അപസ്മാരം, ബോധക്ഷയം, കൈകാൽ തളർച്ച, കീഴ്താടിയിൽ മരവിപ്പ്, കാഴ്ച മങ്ങൽ എന്നിവയും പ്രകടമാകും. രോഗം മൂർച്ഛിച്ചാൽ മരണസാദ്ധ്യത കൂടുതലുള്ള രോഗമായതിനാൽ ലക്ഷണങ്ങൾ ശ്രദ്ധിച്ച് ഉടൻ ചികിത്സ തേടണം. ഗുരുതരാവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നവരിൽ മാനസിക – വൈകാരിക അസ്വാസ്ഥ്യങ്ങൾ, വ്യക്തിത്വ സ്വഭാവ മാറ്റങ്ങൾ, പക്ഷാഘാതം എന്നിവയ്ക്കും സാദ്ധ്യതയുണ്ട്.