കാസർകോട് : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിമാനത്താവളത്തിലെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയിരുന്നു. ഡിസംബര്‍ 9 വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അന്വേഷണം വരുന്ന സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനാത്താവളത്തിലെ ഗ്യാലറിയിലെ പ്രവേശനം ഡിസംബര്‍ 31 വരെയായി നീട്ടി. ഗവണ്മെന്റ്, മാനേജ്മെന്റ്, അണ് എയ്ഡഡ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാര്‍ക്ക് 50 രൂപയും എന്ന നിരക്കില്‍ തന്നെയായിരിക്കും തുടര്‍ന്നും പ്രവേശനം. സ്കൂളുകള്‍/കോളേജുകള്‍ വിമാനത്താവള സന്ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തിയ ഹെഡ്മാസ്റ്റര്/പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ കത്ത് കൊണ്ടുവരണം. സന്ദര്‍ശന സമയം രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ. വിമാനം പുറപ്പെടുന്നതും ഇറങ്ങുന്നതുമായ സമയം സ്കൂള്‍ അധികൃതര്‍ മുന്‍കൂട്ടി മനസ്സിലാക്കി സമയക്രമം പാലിക്കണമെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0490 2481000.