തൃശൂര്‍: കൊറോണ രോഗം ബാധിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. നിലവില്‍ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനും വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ തൃശൂരില്‍ അര്‍ദ്ധരാത്രി വരെ നീണ്ട യോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള തീരുമാനം മെഡിയ്ക്കല്‍ ബോര്‍ഡ് കൈകൊണ്ടത്.
മെഡിക്കല്‍ കോളേജിലാണ് ചികിത്സയ്ക്ക് അനുകൂലമായ സാഹചര്യം ഏറ്റവും അനുയോജ്യമായുള്ളത് എന്ന് കണ്ടുകൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡ് ഈ തീരുമാനമെടുത്തത്. കൊറോണ രോഗബാധയുടെ പശ്ചാത്തലാത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ രീതിയിലുള്ള ഐസൊലേഷന്‍ വാര്‍ഡാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇതിനായി ഒരുങ്ങിയത്. അഞ്ച് ഡോക്ടര്‍മാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരുള്ള ഐസൊലേഷന്‍ വാര്‍ഡില്‍ ആവശ്യമായ എല്ലാ മരുന്നുകളും ഒരുക്കിയിട്ടുണ്ട്.
20 മുറികള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ രോഗികളെ കിടത്താനുള്ള സൗകര്യവുമുണ്ട്. കൊറോണ ബാധ സംശയിക്കുന്ന ഒന്‍പത് പേര് തൃശൂരില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവില്‍ വീടുകളിലും ആശുപത്രികളിമയി സംസ്ഥാനത്ത് 1053 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പൂണെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലെക്ക് പരിശോധനയ്ക്കു അയച്ച നാല് പേരുടെ ശരീര സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.