‘സർകാർ സ്ഥലം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കയ്യേറി വിൽപന നടത്തി’; കയ്യോടെ പിടികൂടി വിജിലൻസ്.
മഞ്ചേശ്വരം: സർകാർ സ്ഥലം കയ്യേറി വർഷങ്ങളായി കൈവശം വക്കുകയും വിൽപന നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു. മഞ്ചേശ്വരം താലൂകിലെ മുളിഞ്ച വിലേജിൽ ബുറാഖ് സ്ട്രീറ്റ് എന്ന സ്ഥലമാണ് കയ്യേറി വിൽപന നടത്തിയതെന്ന് വിജിലൻസ് വ്യക്തമാക്കി. വിജിലൻസ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്തും ഉപ്പള മുളിഞ്ച ഗ്രൂപ് വിലേജ് ഓഫിസിലും മഞ്ചേശ്വരം താലൂക് ഓഫിസിലും പരിശോധന നടത്തിയത്.
സർകാർ സ്ഥലം കയ്യേറി ഉപയോഗിച്ച് വരുകയും റീ സർവേ നടത്തുമ്പോൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്വന്തം പേരിലാക്കുകയും ചെയ്തു. പിന്നീട് സ്ഥലം ഭാര്യയുടെ പേരിൽ ഇഷ്ടദാനം നൽകി രജിസ്റ്റർ ചെയ്യുകയും ഭാഗങ്ങളാക്കി വിൽപന നടത്തുകയും ചെയ്തു. ഇങ്ങനെ സർകാർ ഭൂമി സ്വകാര്യ വ്യക്തി സ്വന്തമാക്കി വിൽപന നടത്തുന്നതുവരെയുള്ള വിവിധ നടപടിക്രമങ്ങൾ മുളിഞ്ച വിലേജ്, മഞ്ചേശ്വരം താലൂക് റവന്യൂ ഉദ്യോഗസ്ഥർ, റീസർവേ ഉദ്യോഗസ്ഥർ, മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്യായമായി കൂട്ടുനിന്നു. വൻതുക കൈക്കൂലി വാങ്ങിയായിരിക്കാം ചെയ്ത് നൽകിയത്. സർകാർ ശമ്പളം പറ്റി സർകാറിനെ വഞ്ചിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും ഭൂമി കയ്യേറി ആളുടെ പേര് വിവരങ്ങൾ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടമായതിനാൽ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്ന് വിജിലൻസ് വ്യക്തമാക്കി.
പരിശോധന നടത്തിയ സംഘത്തിൽ മഞ്ചേശ്വരം റീ സർവേ സൂപ്രണ്ട് ആരീഫുദ്ദീൻ എം, വിജിലൻസ് സബ് ഇൻസ്പെക്ടർ ഈശ്വരൻ നമ്പൂതിരി അസി. സബ് ഇൻസ്പെക്ടർമാരായ മധുസൂദനൻ വിഎം, സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീവൻ വി, ബിജു കെബി എന്നിവരുമുണ്ടായിരുന്നു.