മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ എട്ടു വയസുകാരൻ മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ ബിട്ടുളിൽ കുഴൽ കിണറിൽ വീണ എട്ട് വയസുകാരന്റെ മൃതദേഹം പുറത്തെടുത്തു. തൻമയ് സാഹു എന്ന കുട്ടിയാണ് മരിച്ചത്. ഡിസംബർ ആറിനാണ് കുട്ടി കുഴൽക്കിണറിൽ വീണത്. 400 അടി താഴ്ചയുള്ള കിണറിലാണ് കുട്ടി വീണത്. കുഴൽക്കിണറിൽ 60 അടിയോളം താഴ്ചയിൽ തങ്ങി നിന്ന തൻമയിയെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി.
കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്നതിനായി കുഴിച്ച കുഴൽക്കിണറിലാണ് കുട്ടി വീണത്. കുട്ടി വീണ് ഒരു മണിക്കൂറിനകം തന്നെ എസ്ഡിആർഎഫ് സംഘവും ഹോം ഗാർഡും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടി കുഴൽക്കിണറിൽ വീണ് നാല് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. ബിട്ടുൾ ജില്ലാ ആശുപത്രിയിലേക്ക് തൻമയിയുടെ മൃതദേഹം കൊണ്ട് പോയി.