കാലങ്ങളായി തുടര്‍ന്നു ശീലങ്ങള്‍ മാറണം :കാസര്‍കോട് വികസന പാക്കേജില്‍ പത്ത് ശതമാനമെങ്കിലും നവീന പദ്ധതികളാവണം,ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്
നൂതനമായ പദ്ധതികളാവിഷ്കരിക്കണം: ധനമന്ത്രി
വികസന പദ്ധതികളാവിഷ്കരിക്കുമ്പോള്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ശീലങ്ങള്‍ മാറ്റിവെച്ച് ആധുനിക സാങ്കേതി വിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള നൂതന പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്ന് ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമ്പോള്‍ സംരംഭകര്‍ക്ക് പൊതുവായി ഉപയോഗിക്കാന്‍ സാധിക്കുന്ന സൗകര്യങ്ങള്‍ ഒരുക്കണം. ഇതിലൂടെ ഒരേ സമയം കൂടുതല്‍ സംരഭക ആശയങ്ങള്‍ ഉയര്‍ന്നു വരുകയും ചെറുകിട വ്യവസായത്തിന് ഊര്‍ജം ലഭിക്കുകയും ചെയ്യും. വ്യവസായ സംരംഭങ്ങള്‍ക്കായി ആവശ്യമായ യന്ത്രങ്ങളുടെ പ്രോട്ടോടൈപ്പ് രൂപപ്പെടുത്തുകയാണെങ്കില്‍ ഉത്പാദന ചെലവ് വളരെയേറെ കുറക്കാനുള്ള യന്ത്രസാമഗ്രികള്‍ വികസിപ്പിക്കാന്‍ സാധിക്കും.
കാസര്‍കോട് വികസന പാക്കേജ്: പത്ത് ശതമാനമെങ്കിലും നവീന പദ്ധതികളാവണം
ജില്ലയുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കുന്ന കാസര്‍കോട് വികസന പാക്കേജില്‍ പദ്ധതികളാവിഷ്കരിക്കുമ്പോള്‍ പത്ത് ശതമാനമെങ്കിലും നൂതന പദ്ധതികളാവാന്‍ ശ്രദ്ധിക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു. പതിവ് രീതിയില്‍ പാലങ്ങളും റോഡുകളും ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തന്നെ മേഖലയുടെ വികസനത്തിന് വേണ്ടി നവീനമായ പദ്ധതികളും രൂപപ്പെടുത്തണമെന്ന് ധനമന്ത്രി കാസകര്‍കോട് വികസനപാക്കേജ് അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വികസന പദ്ധതികള്‍ വേദിയിലവതരിപ്പിച്ചു. കശുവണ്ടി, അടക്ക, കല്ലുമ്മക്കായ എന്നിവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി ചീമേനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കെന്ന് ആശയമവതരിപ്പിച്ചു. ചീമേനിയില്‍ നൂറ് ഏക്കര്‍ ഭൂമിയിലാണ് ഇത് വിഭാവന ചെയ്തിട്ടുള്ളത്. ഇതിന്റെ സ്ഥലം വിട്ടുലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു. ഹൊസങ്കടിയില്‍ മള്‍ട്ടി പര്‍പസ് ക്രൂ ഫെസിലിറ്റീസ് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെയും ഡ്രൈവര്‍മാരെയും പരിശോധിക്കുന്നതിനുള്ള കേന്ദ്രമാണ്. ഇത് സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങള്‍ വലിയതോതില്‍ കുറക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണങ്കൂരില്‍ ഫുഡ്സ്ട്രീറ്റും വിനോദ കേന്ദ്രങ്ങളും ഓപ്പണ്‍ തിയേറ്ററും ദേശീയപാത വികസനത്തിന്റെ ഭാഗമായി കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കുന്ന ഫ്ളൈ ഓവറിന് അടിഭാഗത്തായി രാത്രികളെ ആഘോഷിക്കുന്നതിനായി ഫുഡ് കോര്‍ട്ടുകളും നടപ്പാതകളും സൈക്ലിങ് പാതകളും വരുന്നത് കാസര്‍കോടിന്റെ രാത്രി ജീവിതത്തെ മാറ്റി മറിക്കും. അറബിക്കടലും പശ്ചിമഘട്ടവും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന മഞ്ഞംപൊതിക്കുന്ന് മേഖലയില്‍ ടൂറിസം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. ട്രെക്കിങ് സംവിധാനം, മിനിപ്ലാനറ്റോറിയം, നക്ഷത്രനിരീക്ഷണത്തിനായി പ്രത്യേക സംവിധാനം തുടങ്ങിയവ സജ്ജീകരിക്കും. പള്ളം, സീവ്യൂ പാര്‍ക്ക്, തളങ്കര, ചന്ദ്രഗിരിക്കോട്ട എന്നിവയെ ബന്ധിപ്പിച്ച് ആവിഷ്കരിച്ച ചന്ദ്രഗിരി റിവര്‍ ടൂറിസം പദ്ധതി കാസര്‍കോട് മേഖലയുടെ മുഖച്ഛായ മാറ്റും. ഇതില്‍ സ്പീഡ് ബോട്ട്, പെഡല്‍ബോട്ട്, സീ സ്പോര്‍ട്സ് തുടങ്ങിയവയും ഉണ്ടാവും. പൊസഡിഗുംപെ, കമ്പം വെള്ളച്ചാട്ടം എന്നിവിടങ്ങളില്‍ ടൂറിസം വികസനം നടത്തും. കോട്ടഞ്ചേരി പ്രദേശത്ത് കേബിള്‍ കാറടക്കം സജ്ജീകരിച്ച് റിസോര്‍ട്ടടക്കം സ്ഥാപിച്ച് ആകര്‍ഷണ കേന്ദ്രമാക്കും. പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന എയര്‍സ്ട്രിപ്പിനോടനുബന്ധിച്ച് ബേക്കല്‍ ടൗണ്‍ഷിപ്പ് വികസനം യാഥാര്‍ത്ഥ്യമാക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രതിനിധി ആഖിന്മരിയ, ജില്ലയിലെ ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, വ്യവസായം എന്നീ മേഖലകളെ ബന്ധിപ്പിച്ച് നടപ്പാക്കാവുന്ന വികസന പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ജില്ലാ കളക്ടര്‍, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ രാജ്മോഹന്‍ എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു. ജില്ലായുവജനകേന്ദ്രം പ്രതിനിധി, യുവതലമുറയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ജലി ലാല്‍,ഗൗതം,വിദ്യാധരന് തുടങ്ങിയവര്‍ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. എംഎല്‍എമാരായ എം രാജഗോപാലന്‍, എം സി കമറുദ്ദീന്, നീലേശ്വരം നഗരസഭാ അധ്യക്ഷന്‍ പ്രൊഫ. കെ പി ജയരാജന്, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷന്‍ വി. വി. രമേശന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന് തുടങ്ങിയവര്‍ സംബന്ധിച്ചു.