യുഡിഎഫിനൊപ്പം തന്നെ,എംവി ഗോവിന്ദന് പറഞ്ഞത് യാഥാര്ഥ്യം,അതിനപ്പുറം വിലയിരുത്തേണ്ട- മുസ്ലിം ലീഗ്
മലപ്പുറം: മുസ്ലിം ലീഗ് യു.ഡി.എഫിലെ അവിഭാജ്യഘടകമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് ഒരു വർഗീയ പാർട്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം ലീഗിന് എൽ.ഡി.എഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘അദ്ദേഹം ഒരു രാഷ്ട്രീയ യാഥാർഥ്യം പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറത്ത് ഒരു രാഷ്ട്രീയ വിലയിരുത്തലായി കാണേണ്ടതില്ല. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ല’ സാദിഖലി തങ്ങൾ പറഞ്ഞു.
ലീഗ് വർഗീയപ്പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്നണി മാറ്റ സൂചനയാണ് എന്നതരത്തിലുള്ള അഭ്യൂഹങ്ങളും ഇതിനിടെ ഉയർന്നിരുന്നു. ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലവതരണാനുമതി തേടിക്കൊണ്ട് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചർച്ചയ്ക്കിടെ കോൺഗ്രസിനെതിരേ മുസ്ലിം ലീഗ് നേതാവ് പി.വി. അബ്ദുൾ വഹാബ് വിമർശനമുന്നയിക്കുകയും ചെയ്തത് വാർത്തയായിരുന്നു.
എന്നാൽ, പ്രസംഗമധ്യേ അരേയും കാണാത്തപ്പോൾ എം.പി. അക്കാര്യം പറഞ്ഞതാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വഹാബിന്റെ പരാമർശങ്ങൾക്ക് പ്രതിപക്ഷ നേതാവ് തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ആ സമയത്ത് അവിടെ അംഗങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെന്നും അതോടുകൂടി ആ വിഷയം അവസാനിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഏകസിവിൽ കോഡ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബില്ല് വരുമ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ മതേതരപാർട്ടികളും വളരെ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഏകസിവിൽ കോഡ് വന്നാൽ വലിയ ഗൗരവമുള്ള വിഷയാണ്. വഹാബ് പ്രസംഗമധ്യേ പറഞ്ഞതാണ്, വിഷയമാക്കേണ്ടതില്ല. എന്നാലും ഭാവിയിൽ ശ്രദ്ധിക്കേണ്ട വിഷയം ഉണ്ട്. കോൺഗ്രസ് തന്നെയാണ് വളരെ അധികം ശ്രദ്ധിക്കേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.