നാല് വര്‍ഷ ഡിഗ്രി: പുതിയ പാഠ്യപദ്ധതി- ക്രെഡിറ്റ് ചട്ടക്കൂടൊരുക്കാന്‍ യുജിസി
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളില്‍ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആരംഭിക്കാനിരിക്കുന്ന നാല് വര്‍ഷ ‘ഓണേഴ്സ്’ ബിരുദകോഴ്സുകള്ക്കുള്ള ‘പാഠ്യപദ്ധതി- ക്രെഡിറ്റ് ചട്ടക്കൂട്’ യുജിസി തിങ്കളാഴ്ച വിജ്ഞാപനം ചെയ്തേക്കും. അണ്ടര്സ്റ്റാന്ഡിങ് ഇന്ത്യ, മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജസ്, യോഗ എന്നീ വിഷയങ്ങള്‍ക്കാണ് പുതിയ കരിക്കുലം ചട്ടക്കൂട് ബാധകമാവുക.
നാലുവര്‍ഷ ബിരുദത്തില്‍ 120 ക്രെഡിറ്റ് നേടിയാല്‍ മൂന്ന് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കാം. നാല് വര്‍ഷത്തെ ഓണേഴ്സ് ബിരുദം നേടാന്‍ 160 ക്രെഡിറ്റ് ആണ് വേണ്ടത്. അധ്യയനസമയം കണക്കാക്കിയാകും ക്രെഡിറ്റ് നല്‍കുക. യുജിസി തയ്യാറാക്കിയ കരട് മാനദണ്ഡ പ്രകാരം കോഴ്സിന്റെ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്റ്റും ഉണ്ടായിരിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാധ്യമാകും. മാത്രമല്ല, ഇവര്‍ക്ക് പി.ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. നാല് വര്‍ഷ കോഴ്സുകള്‍ക്ക് ഓണേഴ്സ് ഡിഗ്രിയാണ് നല്‍കുക. മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും. മൂന്ന് വര്‍ഷത്തിന് മുമ്പ് പോകുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തിനകം വീണ്ടും വന്ന് കോഴ്സ് പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്. ഏഴ് വര്‍ഷത്തിനകം ഡിഗ്രി പൂര്‍ത്തീകരിക്കണം. വിദ്യാര്‍ഥികളുടെ തൊഴില്‍ ക്ഷമത വര്‍ധിപ്പിക്കുന്നതിനായി നൈപുണീ വികസന കോഴ്സുകള്‍ ഉണ്ടായിരിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിന് 12 ക്രെഡിറ്റുകളാണ് ലഭിക്കുക. സമ്മര്‍ ഇന്റേണ്‍ഷിപ്പിനുള്ള ക്രെഡിറ്റുകളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
നിലവിലെ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം (CBCS) അനുസരിച്ച് എന്റോള്‍ ചെയ്യുകയും മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്സ് പിന്തുടരുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും അതാത് വിഷയങ്ങളിലെ നാല് വര്‍ഷ ഡിഗ്രികോഴ്സിന് (four-year undergraduate programme (FYUP)) അര്‍ഹതയുണ്ട്. കോഴ്സിനായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനായി സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈനായോ ഓഫ്ലൈനായോ ബ്രിഡ്ജ് കോഴ്സുകളും ആരംഭിക്കാവുന്നതാണ്. രണ്ടാം സെമസ്റ്ററിന്റെ അവസാനം, വിദ്യാര്‍ഥികള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത മെയിന്‍ സബ്ജക്ട് മാറ്റാനോ തുടരാനോ ഉള്ള അവസരമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാം, കൂടാതെ ഓപ്പണ്‍, ഡിസ്റ്റന്‍സ്, ഓണ്‍ലൈന്‍ പഠനം അല്ലെങ്കില്‍ ഹൈബ്രിഡ് മോഡ് പോലുള്ള ഇതര പഠന രീതികളിലേക്ക് മാറാനും കഴിയും.
മേജര്‍ സ്ട്രീം കോഴ്സുകള്‍, മൈനര്‍ സ്ട്രീം കോഴ്സുകള്‍, മറ്റ് വിഷയങ്ങളില്‍ നിന്നുള്ള കോഴ്സുകള്‍, ആധുനിക ഇന്ത്യന്‍ ഭാഷ, ഇംഗ്ലീഷ് ഭാഷ, വാല്യൂ ആഡഡ് കോഴ്സുകള്‍ എ്ന്നിവയും പുതിയ പാഠ്യപദ്ധതി ശുപാര്‍ശയില്‍ ഉള്‍പ്പെടുന്നു. 45 കേന്ദ്രസര്‍വകലാശാലകള്‍, കല്പിത സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവര്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങാന്‍ ഇതിനോടകം താത്പര്യം അറിയിച്ചതായി യുജിസി ചെയര്മാന് എം. ജഗദേഷ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.