മാങ്ങ പറിച്ചതിന്റെയും പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന്റെയും വിരോധം; സഹോദരിമാരെ വെട്ടിപ്പരിക്കേൽപ്പിച്ച മുഖ്യപ്രതി പിടിയിൽ
ആലപ്പുഴ: മൂന്ന് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്മിത, അയൽവാസി നീതു എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കീരിക്കാട് കണ്ണമ്പള്ളി ഭാഗം നടയിൽ ജയേഷ് ( ബിജു-40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കഴിഞ്ഞ ഓണത്തിന് വീടിന് സമീപം ജയേഷ് പടക്കം പൊട്ടിച്ചത് സഹോദരിമാർ ചോദ്യം ചെയ്തിരുന്നു. ജയേഷിന്റെ വീട്ടിൽ നിന്ന് ഇവർ മാങ്ങ പറിച്ചതും വിരോധത്തിന് കാരണമായി. ബിജുവും മറ്റ് മൂന്നുപേരും ചേർന്ന് മിനിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി മിനിയെയും സഹോദരി സ്മിതയെയും വാൾകൊണ്ട് വെട്ടുകയായിരുന്നു. തടയാൻ ചെന്ന അയൽവാസി നീതുവിനും വെട്ടേറ്റു.
കായംകുളം കുന്നത്താലുംമൂട് ബിവറേജിന് സമീപത്തുനിന്നാണ് ജയേഷിനെ അറസ്റ്റുചെയ്തത്. കേസിലെ മൂന്നാം പ്രതി സജിത്ത്, നാലാം പ്രതി ഉല്ലാസ് എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു. കേസിലെ രണ്ടാംപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാവുമെന്നും പൊലീസ് അറിയിച്ചു.