നൂറോളം പേര് വീട്ടിലേക്ക് ഇരച്ചുകയറി യുവതിയെ തട്ടിക്കൊണ്ടുപോയി; മോചിപ്പിച്ച് പോലീസ്
ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ അദിബത്ലയിലെ വീട്ടില്‍ നിന്ന് 24 കാരിയായ യുവതിയെ വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയി. നൂറോളം പുരുഷന്മാര് വീട്ടിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയാണ് യുവതിയെ ബലമായി പിടിച്ചുക്കൊണ്ടുപോയത്. വെള്ളിയാഴ്ചയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ആറ് മണിക്കൂറുകള്‍ക്ക് ശേഷം യുവതിയെ രക്ഷപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. പ്രതികളില്‍ ചിലര്‍ അറസ്റ്റിലായിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ദന്ത ഡോക്ടറായ യുവതിയെ ആണ് തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്ന് രാചകോണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു.
ചായക്കടകളുടെ ശൃംഖലയുടെ പ്രമോട്ടറായ നവീന്‍ റെഡ്ഡിയാണ് കേസിലെ മുഖ്യപ്രതി. യുവതിയെ താന്‍ നേരത്തെ വിവാഹം ചെയ്തതാണ്, ദന്ത ഡോക്ടറായ ശേഷം മാതാപിതാക്കള്‍ യുവതിയുടെ മനസ്സ് മാറ്റിയെന്നുമാണ് നവീന്‍ റെഡ്ഡി പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ഒരു കൂട്ടം ആളുകള്‍ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖംമൂടി ധരിച്ച ഒരാള്‍ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകള്‍ വരുത്തുന്നതും കാണാം. വടിവാളുകളും മറ്റു ആയുധങ്ങളും ഇവരുടെ കൈകളിലുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.