സ്വത്തും പണവും കവര്‍ന്ന് ഭര്‍ത്താവ് കടന്നു; ഭീഷണിയുടെനിഴലില്‍ കോട്ടയത്ത് ഭിന്നശേഷിക്കാരിയുടെ ജീവിതം
കോട്ടയം തെള്ളകം പഴയ എം.സി. റോഡിലെ ഏഴാം നിലയിലെ ഫ്ളാറ്റിൽ ഷിയ, അമ്മ റീത്താമ്മ, അച്ഛന്റെ സഹോദരി മൈക്കിലെമ്മാൾ
കോട്ടയം: സ്വത്ത് മുഴുവൻ കവർന്നെടുത്ത് കടന്നുകളഞ്ഞ ഭർത്താവിന്റെ ഭീഷണിമുനയിൽ യുവതിയും അമ്മയും. ഭിന്നശേഷിക്കാരിയായ യുവതിയും ആഘാതത്തിൽ വീണുപോയ അമ്മയും അവരെ സഹായിക്കാൻവന്ന ബന്ധുവായ സ്ത്രീയും ഒരു ഫ്ലാറ്റിൽ വരുമാനമില്ലാതെ ജീവന് ഭീഷണിനേരിട്ട് കഴിയുകയാണ്.
കോട്ടയം തെള്ളകം പഴയ എം.സി. റോഡിലെ ഹരിത ബ്ളൂ ഹൈറ്റ്സിലെ ഏഴാം നിലയിലെ കാഴ്ചയാണിത്. ഷിയയും അമ്മ റീത്താമ്മയും അടുത്തടുത്ത മുറികളിൽ കിടക്കുന്നു. പോളിയോ ബാധിച്ച കാലുകളുടെ പരിമിതികളെ അതിജീവിച്ച് മുന്നോട്ടുപോകവെയാണ് ഷിയയെ ഭർത്താവ് ആൻഡ്രി സ്പെൻസർ ചതിക്കുന്നത്.
ആറുമാസംമുന്പ് പണവും സ്വർണവും ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു. ഭർത്താവ് തങ്ങളെ ഏതുനിമിഷവും അപായപ്പെടുത്തുമെന്ന ഭയപ്പാടിലാണ് ഷിയ. കൊല്ലുമെന്ന ഭീഷണി മുമ്പേയുണ്ട്. ഇവർക്കിപ്പോൾ കൂട്ടായി ഷിയയുടെ അച്ഛന്റെ സഹോദരി അറുപതുകാരി മൈക്കിലെമ്മാൾ മാത്രം.
2015-ലായിരുന്നു ഷിയയുടെയും ആൻഡ്രിയുടെയും വിവാഹം. നാഗർകോവിൽ സ്വദേശിയാണ് ആൻഡ്രി. ഷിയയോടൊപ്പം കോളേജിൽ പഠിച്ച സുഹൃത്താണ് ആൻഡ്രിയെ പരിചയപ്പെടുത്തിയത്. ഷിയയ്ക്ക് അച്ഛൻ നൽകിയ 100 പവൻ സ്വർണാഭരണം ആൻഡ്രി കൈക്കലാക്കി. പിന്നീട് ദമ്പതിമാർ കോട്ടയത്തേക്ക് താമസം മാറ്റി.
ആൻഡ്രി ഫ്ലാറ്റ് വാങ്ങാനായി 35 ലക്ഷംകൂടി വീട്ടുകാരിൽനിന്ന് വാങ്ങി. താമസമായി കുറെ കഴിഞ്ഞാണ് ഫ്ളാറ്റ് സ്വന്തമല്ലെന്ന് ഷിയ അറിഞ്ഞത്. രജിസ്ട്രേഷൻ ആരുടെ പേരിലെന്ന് ചോദിച്ചു വഴക്കായി. ഷിയയെ ശ്വാസംമുട്ടിച്ച് കൊല്ലാൻവരെ ശ്രമമുണ്ടായതായി പറയുന്നു. അതിനിടെ ആൻഡ്രിയുടെ ഒരു പെൺസുഹൃത്ത് ഫ്ളാറ്റിന്റെ ഉടമസ്ഥാവകാശവുമായിവന്നു. വായ്പയിൽ വാങ്ങിയ കാറും ഭർത്താവ് കൈക്കലാക്കി.
സ്വത്തുക്കൾ ലഭിച്ചതോടെ ആൻഡ്രി കോട്ടയം വിട്ടു. ഫോൺ വിളിച്ചാൽ എടുക്കില്ല. കാറിന്റെ വായ്പ മുടങ്ങി ബാങ്കിൽനിന്ന് വിളിക്കുന്നുണ്ട്. ഫ്ലാറ്റ് ഒഴിയാനാവശ്യപ്പെട്ട് ഉടമസ്ഥനെന്ന് അവകാശപ്പെടുന്ന മറ്റൊരാളുടെ വിളിയും. ആൻഡ്രിക്കെതിരേ രണ്ടുമാസംമുമ്പ് പോലീസിൽ പരാതിനൽകിയെങ്കിലും അന്വേഷണത്തിൽ താത്പര്യമെടുക്കുന്നില്ലെന്ന് ഷിയ പറയുന്നു. ആൻഡ്രി കൊണ്ടുപോയ കാർ നിയമം ലംഘിച്ചതിന് പിഴയടയ്ക്കാൻ ഷിയയ്ക്ക് നോട്ടിസ് വരുന്നുണ്ട്.
ഇവരുടെ നിലിവിലെ ജീവിതം ഷിയയുടെ നാലു സഹോദരന്മാരുടെ അനുകമ്പയിലാണ്. 40 വർഷം കോട്ടയം എരുമേലിയിൽ ജോസഫ് കൺസ്ട്രക്ഷൻസ് നടത്തിയിരുന്ന പരേതനായ ദൈവസഹായത്തിന്റെ മകളാണ് ബി.കോം. ബിരുദധാരിയായ ഷിയ.
സ്ത്രീപീഡനനിരോധന നിയമപ്രകാരം അന്വേഷണം നടക്കുന്നതായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ., സി.ആർ. രാജേഷ് കുമാർ പറഞ്ഞു.