കാസർകോട് : ജില്ലയെ കാത്തിരിക്കുന്നത് വന്‍ വികസന പദ്ധതികള്‍. കിഫ്ബിയിലൂടെ 58 വന്‍ പദ്ധതികളാണ് ജില്ലയില്‍ യാഥാര്‍ത്ഥ്യമാവുക. പരിഗണനയിലുള്ള 11 പദ്ധതികളും ചേര്‍ത്ത് ജില്ലയില്‍ വരാനിരിക്കുന്നത് 69 പദ്ധതികള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡുകള്‍, മേല്‍ പാലങ്ങള്‍, കെട്ടിടങ്ങള്‍, മലയോര ഹൈവേ, തീരദേശ റോഡുകള്‍ തുടങ്ങി നിരവധി പദ്ധതികളാണ് കിഫ്ബി പദ്ധതിയിലൂടെ ജില്ലയില്‍ യാഥാര്‍ത്ഥ്യമാവുക. അംഗീകാരം നല്കിയതും പരിഗണനയില്‍ ഇരിക്കുന്നതുമായി 2164.232 കോടി രൂപയുടെ പദ്ധതികളാണ് കാസര്‍കോടിന്റെ മുഖച്ഛായ മാറ്റാന്‍ കിഫ്ബി വകിയിരുത്തിയിരിക്കുന്നത്.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അംഗീകാരം ലഭിച്ച 14 പദ്ധതികളും പരിഗണനയിലിരിക്കുന്ന മൂന്ന് പദ്ധതികളുമാണുള്ളത്. 660.93 കോടി രൂപയുടെ പ്രവര്‍ത്തനം കിഫ്ബിയുടേതായി മണ്ഡലത്തില്‍ നടന്നുവരുന്നു. 130.70 കോടിരൂപ പരിഗണനയിലുള്ള പദ്ധതികള്‍ക്കായി പ്രതീക്ഷിക്കുന്ന ചിലവാണ്. പൊതു വിദ്യാഭ്യാസ മേഖലയില്‍ വെള്ളിക്കോത്ത് എം.പി.എസ്.ജി.വി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് ചായോത്ത്, ജി.എച്ച്.എസ്.എസ് ബളാന്തോട്, ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, ജി.എച്ച്.എസ്.എസ് മാലോത്ത് കസബ എന്നിങ്ങനെ അഞ്ച് സ്കൂളുകളുടെ നവീകരണമാണ് കിഫ്ബി ഫണ്ടിലൂടെ നടക്കുന്നത്. കൂടാതെ വെള്ളച്ചാലില്‍ എസ്.സി എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ കെട്ടിടവും പുരോഗമിക്കുന്നു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ടി എസ് സുബ്രഹ്മണ്യന് തിരുമുന്പ് സ്മാരക കള്‍ച്ചറല്‍ കോംപ്ലക്സ് ടെണ്ടര്‍ നല്കി കഴിഞ്ഞു. മലയോര ഹൈവേയുടെ ഭാഗമായ കോളിച്ചാല്‍ -ചെറുപുഴ റോഡ്, കോളിച്ചാല്‍-എടപ്പറമ്പ റോഡ് എന്നിവയുടെ പണി തുടങ്ങിക്കഴിഞ്ഞു. കാഞ്ഞിരോട് മുതല്‍ മൈലാട്ടിവരെ നടപ്പാക്കുന്ന വൈദ്യുതി പദ്ധതിയായ കോലത്ത് നാട് ലൈന്‍ പാക്കേജും പണി ആരംഭിച്ചു കഴിഞ്ഞു. വെള്ളരിക്കുണ്ട് മിനി സവില്സ്റ്റേഷനും പണി പുരോഗമിക്കുകയാണ്. ഹോസ്ദുര്‍ഗ്ഗ്-പാണത്തൂര്‍ റോഡും കിഫ്ബി പരിഗണനയിലാണ്.
കാസര്‍കോട് മണ്ഡലത്തില്‍ കിഫ്ബി അംഗീകരിച്ച 328.83 കോടി രൂപയുടെ ഒന്‍പത് പദ്ധതികളാണ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു വരുന്നത്. 32.37 കോടി രൂപയുടെ രണ്ട് പദ്ധതികള്‍ ഈ മണ്ഡലത്തില്‍ കിഫ്ബിയുടെ പരിഗണനയിലാണ്. തളങ്കര ഗവണ്മെന്റ് മുസ്ലീം വി.എച്ച്.എസ്.എസ്, ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസ്, ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കാസര്‍കോട്, ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങി നാല് വിദ്യാലയങ്ങളുടെ നവീകരണം നടന്നുവരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാസര്‍കോട് ഗവണ്മെന്റ് കോളേജിന് 9.31 കോടി രൂപ കിഫ്ബി അനുവദിച്ചു കഴിഞ്ഞു. കല്ലട്ക്ക- ചെര്‍ക്കള റോഡ് പണി ആരംഭിച്ചു കഴിഞ്ഞു. ബദിയഡുക്ക-ഏയത്തനഡ്ക്ക- സുള്ള്യപദവ് റോഡ് ടെണ്ടര്‍ ഘട്ടത്തിലും നെക്രമ്പാറ-അര്ലഡ്ക്ക-പുണ്ടൂര്‍- കിഫ്ബി പരിഗണനയിലുമാണ്. കാസര്‍കോട് മുനിസിപ്പാലിറ്റി- ചെങ്കള പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തില്‍ 208.76 കോടി രൂപയുടെ എട്ട് പദ്ധതികളാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നടന്നുവരുന്നത്. ഗവണ്മെന്റ് എച്ച്.എസ്.എസ്. മൊഗ്രാല്‍, ജി.എച്ച്.എച്ച്.എസ് കുമ്പള, ജി.എച്ച്.എസ്.എസ് ബങ്കരമഞ്ചേശ്വരം തുടങ്ങി മൂന്ന് സ്കൂളുകള്‍ക്കാണ് കിഫ്ബി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗോവിന്ദപൈ ഗവണ്മെന്റ് കോളേജിന് 7.42 കോടി രൂപ അനുവദിച്ചു. മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന് 13.47 കോടിയുടെ പ്രവൃത്തി ആരംഭിച്ചു. മലയോര ഹൈവേ തുടങ്ങുന്ന നന്ദാര പദവ്-ചേവാര്‍ റോഡ് 54.76 കോടിരൂപയുടെ പ്രവൃത്തിയും ആരംഭിച്ചു. ഹൊസങ്കടി റയില്‍വേ മേല്‍പ്പാലത്തിനും കിഫ്ബി പണം അനുവദിച്ചിട്ടുണ്ട്. മഞ്ചേശ്വരം താലൂക്ക് ആശുപത്രി നവീകരണം കിഫ്ബിയില്‍ ഉള്‍പ്പെടുത്തണം എം.എല്‍.എയുടെ ആവശ്യം പരിഗണനയിലാണ്.
ഉദുമ മണ്ഡലത്തില്‍ 425.83 കോടി രൂപ ചെലവില്‍ 15 പദ്ധതികളാണ് പുരോഗമിക്കുന്നത്. 10.10 കോടി രൂപയുടെ രണ്ട് പദ്ധതികള്‍ കിഫ്ബിയുടെ പരിഗണനയിലാണ്. ജി.എച്ച്.എസ്.എസ്. പെരിയ, ജി.എച്ച്.എസ്.എസ് ബന്തടുക്ക,ജി.യു.പി സ്കൂള്‍ അഗസറഹോള, ജി.എഫ്.പി.എസ് കീഴൂര്‍, ഗവണ്മെന്റ് മോഡല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ പള്ളിക്കര, ജി.എച്ച്.എസ്.എസ് അടൂര്‍ തുടങ്ങി ആറ് സ്കൂളുകളുടെ നവീകരണം കിഫ്ബി ഏറ്റെടുത്തു കഴിഞ്ഞു. ഉദുമ ഗവണ്മെന്റ് കോളേജിന് 7.84 കോടിരൂപയുടെ പദ്ധതിക്ക് കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ജി.യു.പി.എസ് കോട്ടിക്കുളം, രാമചന്ദ്രറാവു മെമ്മോറിയല്‍ ഗവണ്മെന്റ് യുപി സ്കൂള്‍ കീക്കാനം, ജി.എച്ച്.എസ്.എസ് പാക്കം, ജി.എച്ച്.എസ്.എസ് ഉദുമ, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി തുടങ്ങി അഞ്ച് സ്കൂളുകളുടെ നവീകരണ പ്രവര്‍ത്തനം ഏറ്റെടുക്കുന്നത് കിഫ്ബി പരിഗണനയിലാണ്. നൂറ് പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കുന്ന ബേഡഡുക്ക പ്രീമെട്രിക ഹോസ്റ്റലിന്റേയും കുറ്റിക്കോല്‍ പ്രീമെട്രിക്ക് ഹോസ്റ്റലിന്റേയും നിര്‍മ്മാണ പ്രവര്‍ത്തി നടന്നുവരികയാണ്. കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിനും കിഫ്ബി പണം നീക്കിവെച്ചിട്ടുണ്ട്. തെക്കില്‍-ആലട്ടി റോഡ് പണിയിലുള്ള തടസം സംബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. ബോവിക്കാനം-കാനത്തൂര്‍-എരിഞ്ഞിപ്പുഴ റോഡ് നവീകരണത്തിന് കിഫ്ബി 54.20 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഉദുമ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പദ്ധതിക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 889.62 കോടി രൂപയുടെ 18 പദ്ധതികളാണ് കിഫ്ബിയുടെ നേതൃത്വത്തില്നടപ്പാക്കുന്നത്. കൂടാതെ 57.21 കോടി രൂപയുടെ രണ്ട് പദ്ധതികള്‍ കിഫ്ബിയുടെ പരിഗണനയിലുണ്ട്. ജി എച്ച് എസ് എസ് കുട്ടമത്ത്, കടാങ്കോട് ഗവണ്മെന്റ് ഫിഷറീസ് എച്ച് എസ് എസ്, പടന്ന ഗവണ്മെന്റ് ഫിഷറീസ് എച്ച് എസ് എസ്, പിലിക്കോട് ശ്രീ കൃഷ്ണന് നായര്‍ സ്മാരക എച്ച് എസ് എസ് എന്നീ വിദ്യാലയങ്ങളില്‍ കിഫ്ബിയുടെ നവീകരണ പ്രവര്‍ത്തനം നടന്നുവരുന്നു. എളേരിത്തട്ട് ഇ കെ നയനാര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ 6.38 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഫ്ബി അനുമതി ലഭിച്ചത്. കയ്യൂര്‍ ഇ.കെ നയനാര്‍ മെമ്മോറിയല്‍ ഐ.ടി.ഐക്ക് 4.23 കോടിരൂപയുടെ പ്രവര്‍ത്തനാനുമതിയായി. തൃക്കരിപ്പൂര്‍ മണ്ഡലത്തിന്റെ സ്വപ്ന പദ്ധതികളായ നീലേശ്വരം എ എം എസ് സ്റ്റേഡിയം, എം.ആര്.സി കൃഷ്ണന് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, കയ്യൂര്‍-ചെമ്പ്രക്കാനം-പാലക്കുന്ന് റോഡ് എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. പടന്ന റെയില്‍വേ മേല്‍പ്പാലത്തിന് അനുമതിയായി. തൃക്കരിപ്പൂര്‍ റെയില്‍വേ മേല്‍പ്പാലം കിഫ്ബിയുടെ പരിഗണനയിലാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കിഫ്ബിയുടെ നേതൃത്വത്തില്‍ വിവിധ പ്രവൃത്തികള്‍ പുരോഗമിക്കുന്നത് ജില്ലയുടെ സ്വപ്ന പദ്ധതികളാണ്. പ്രവൃത്തി ആരംഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതും പൂര്‍ത്തീകരിച്ചതുമായ മുഴുവന്‍ നിര്‍മിതികളും കിഫ്ബിയുടെ സഞ്ചരിക്കുന്ന ലബോറട്ടറിയില്‍ വിലയിരുത്തപ്പെടും. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കെട്ടിടങ്ങളും റോഡുകളും പൊളിച്ചു നോക്കാതെ തന്നെ നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരവും കെട്ടിടത്തിന്റേയും റോഡിന്റേയും ബലവും അളന്ന് തിട്ടപ്പെടുത്തുന്ന ലാബാണ് കിഫ്ബിയ്ക്കുളളത്. കാസര്‍കോട് ജില്ലയിലെ നിര്‍മ്മിതികളുടെ വിലയിരുത്തലിന് ഫെബ്രുവരി മൂന്ന് മുതല്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ജില്ലയിലുണ്ട്. ഗുണനിലവാര പരിശോധനയ്ക്കായി കിഫ്ബി ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളുടെയും സഞ്ചായരിക്കുന്ന ലാബിന്റെയും പ്രദര്‍ശനം നിര്‍മ്മിതി പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിരുന്നു.
ടൂറിസം മുതല്‍ ഇന്റര്‍നാഷ്ണല്‍ എഡ്യുക്കേഷ്ണല്‍ പാര്‍ക്ക് വരെ; വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് കാസര്‍കോടന്‍ യുവജനത
വികസന പാതയില്‍ പുതിയ കാല്‍വെപ്പുകളുമായി മുന്നോട്ടു കുതിക്കുന്ന ജില്ലയ്ക്ക് വേണ്ടി വൈവിധ്യമാര്‍ന്ന വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് കാസര്‍കോടന്‍ യുവജനത. നുള്ളിപ്പാടിയില്‍ സംഘടിപ്പിച്ച കിഫ്ബി പ്രദര്‍ശന വേദിയില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസകിന്റെ സാന്നിധ്യത്തിലാണ് ജില്ലയുടെ സമഗ്ര വികസന പ്രതീക്ഷകള്‍ക്ക് ചിറകേകി കാസര്‍കോട്ടെ പുതുതലമുറ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്.