വർക്കലയിൽ കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച പതിനഞ്ചുകാരന് അതിക്രൂര മർദ്ദനം, നാലുപേർക്കെതിരെ കേസ്
തിരുവനന്തപുരം: കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരി മാഫിയാ സംഘം അതിക്രൂരമായി മർദ്ദിച്ചതായി പരാതി. ഡിസംബർ രണ്ടിന് വർക്കലയിലെ ഇടവപ്പുറത്താണ് സംഭവം. മർദ്ദനത്തെത്തുടർന്ന് ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടിയെ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കുളിക്കുന്നതിനായി കുളത്തിന് സമീപത്തേയ്ക്ക് പോയ കുട്ടിയെ അയിരൂർ സ്വദേശികളായ സെയ്ദ്, വിഷ്ണു, ഹുസൈൻ, അൽ അമീൻ എന്നിവർ ചേർന്ന് കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിച്ചതായാണ് പരാതി. എന്നാൽ ഇത് വിസമ്മതിച്ച കുട്ടി വീട്ടിലെത്തി വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ നാലംഗ സംഘം കുട്ടിയെ പിറ്റേദിവസം വീട്ടിലെത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ചെവിയിൽ നിന്നും മറ്റും രക്തം വന്ന് അവശനിലയിലായ കുട്ടി അബോധാവസ്ഥയിലാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ നാലുപേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.