രാജ്യത്ത് 5ജി സേവനം വ്യാപകമാക്കാൻ ഒരുക്കങ്ങളുമായി ബിഎസ്എൻഎൽ; മാസങ്ങൾക്കകം തന്നെ ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വരുന്ന അഞ്ച് മുതൽ ഏഴ് മാസങ്ങൾക്കകം തന്നെ രാജ്യത്ത് ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങുമെന്ന് കേന്ദ്ര ടെലികോം-റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവിലെ 4ജി സാങ്കേതികവിദ്യ ഉടനെ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും രാജ്യത്ത് കമ്പനിയ്ക്ക് ആകെയുളള 1.35 ലക്ഷം ടവറുകളിലൂടെ ഇത് ലഭ്യമാക്കുമെന്നുമാണ് മന്ത്രി നൽകുന്ന വിവരം. ടെലികോം വികസന ഫണ്ട് വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായും ടെലികോം രംഗത്തെ തദ്ദേശീയ കണ്ടെത്തലുകൾക്ക് പ്രോത്സാഹനത്തിനായി അനുവദിക്കുന്ന തുക 500 കോടിയിൽ നിന്നും 4000 കോടിയായി ഉയർത്താൻ ആലോചിക്കുന്നെന്നും മന്ത്രി പറഞ്ഞു.ടെലികോം മേഖലയിൽ ബിഎസ്എൻഎൽ ശക്തമായ സ്ഥിരതയുളള ഘടകമാകുമെന്ന് പറഞ്ഞ മന്ത്രി രാജ്യത്ത് മറ്റൊരു കമ്പനിക്കും സാധിക്കാത്തത്ര, ഗ്രാമങ്ങളിൽ പോലും കമ്പനിയുടെ സേവനമുണ്ടെന്നും അറിയിച്ചു. 5ജി ടെസ്റ്റിംഗിനാവശ്യമായ ഉപകരണങ്ങൾ കമ്പനിയ്ക്ക് നൽകാൻ ടാറ്റ കൺസൾട്ടൺസി സർവീസസിനോട്(ടിസിഎസ്) ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിഎസ്എൻഎലിൽ 5ജി നിലവിൽ വരുന്നതോടെ വിദൂരമേഖലകളിൽ പോലും സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 2023 ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് ബിഎസ്എൻഎൽ 5ജി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ സൂചനകളാണ് മന്ത്രി നൽകിയത്.