മലപ്പുറത്ത് സ്വർണവ്യാപാരിയുടെ വീട്ടിലെ റെയിഡിൽ കണ്ടെത്തിയത് രണ്ടരക്കോടിയുടെ സ്വർണവും പണവും
മലപ്പുറം: മലപ്പുറത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സ്വർണം നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മലപ്പുറം സ്വദേശി അബൂബക്കർ പഴേടത്തിന്റെ വീട്ടിലും നാല് ജുവലറികളിലുമാണ് ഇഡി കഴിഞ്ഞദിവസം പരിശോധന നടത്തിയത്.
അബൂബക്കറിന്റെ ജുവലറികളിൽ നിന്നും വീട്ടിൽനിന്നുമായി രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന അഞ്ച് കിലോ സ്വർണമാണ് പിടികൂടിയത്. രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇതിനൊപ്പം മൂന്നരലക്ഷത്തിലധികം രൂപയും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സഹായത്തോടെയാണ് അബൂബക്കർ സ്വർണം കടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായർ എന്നിവർക്കൊപ്പമുണ്ടായിരുന്നയാളാണ് അബൂബക്കർ എന്നും ഇഡി അറിയിച്ചു.