ഷാരോൺ രാജ് വധക്കേസിൽ മൊഴി മാറ്റി ഗ്രീഷ്മ; കുറ്റസമ്മതം നടത്തിയത് ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലം
ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴി മാറ്റികൊണ്ട് രഹസ്യ മൊഴി നൽകി. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലം മാത്രമാണ് കുറ്റം സമ്മതിച്ചതെന്നാണ് ഗ്രീഷ്മ പുതിയ രഹസ്യ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിൻകര കോടതിയിലാണ് ഗ്രീഷ്മ രഹസ്യ മൊഴി നല്‍കിയിരിക്കുന്നത്. കോടതിയിൽ നല്കിയ മൊഴി ക്യാമറയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മുഖ്യപ്രതി ഗ്രീഷ്മ മൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മയുടെ മൊഴി അനുസരിച്ച് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കേസിൽ നിന്ന് അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയതിനെ തുടർന്നായിരുന്നു കുറ്റസമ്മതം നടത്തിയത്.
കേസിൽ ഗ്രീഷ്മയെ ചോദ്യം ചെയ്യാൻ ആരംഭിച്ച ദിവസം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതെല്ലാം തന്നെ ഗ്രീഷ്മ നിഷേധിച്ചിരിക്കുകയാണ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പറഞ്ഞത്. ഷാരോണിന് ജ്യൂസിൽ വിഷം നൽകി പലതവണയായി വിഷം നൽകി നല്‍കിയിരുന്നുവെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ ഇത് ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമായിരുന്നു പറഞ്ഞതെന്നാണ് ഗ്രീഷ്മ ഇപ്പോൾ പറയുന്നത്.