ലഹരിയുപയോഗം കൂടുതലുളള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ല, സംസ്ഥാനത്തെ ലഹരിമാഫിയയെ അടിച്ചമർത്തുമെന്ന് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തെക്കുറിച്ച് സഭയിൽ ചർച്ചയ്ക്കായി അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. മേപ്പാടിയിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയെ ലഹരിബിസ്കറ്റ് നൽകിയ ക്യാരിയറാക്കിയ വാർത്തയും മലയിൻകീഴ് സംഭവവും ഉന്നയിച്ചാണ് പ്രതിപക്ഷം അടിന്തരപ്രമേയ ചർച്ച ആവശ്യപ്പെട്ടത്. മാത്യു കുഴൽനാടൻ എംഎൽഎയാണ് ഇതിനായി നോട്ടീസ് നൽകിയത്.
നോട്ടീസിലുന്നയിച്ച കാര്യങ്ങൾ ഗുരുതരമാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് മറുപടി നൽകി. എന്നാൽ സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി മന്ത്രി ആരോപിച്ചു. ഇന്ത്യയിൽ ലഹരിയുപയോഗത്തിൽ ആദ്യ അഞ്ച് സ്ഥാനത്തുളള സംസ്ഥാനങ്ങളിൽ കേരളമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്ത് 263 സ്കൂളുകളുടെ പരിസരത്ത് ലഹരി വിൽപന നടക്കുന്നെന്ന് കണ്ടെത്തിയതായും ലഹരി മാഫിയയെ സംസ്ഥാനത്ത് അടിച്ചമത്തുമെന്നും മന്ത്രി അറിയിച്ചു. യാതൊരു ദാക്ഷിണ്യവുമില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി സഭയിൽ മറുപടി നൽകി.
ലഹരി വിഷയത്തിൽ മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രസംഗിക്കവെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ലഹരി വിഷയത്തിൽ ശക്തമായ വാക്പോരുണ്ടായതോടെ സഭ നടപടികൾ വെട്ടിച്ചുരുക്കി ഇന്നത്തേക്ക് പിരിഞ്ഞു.