ഇരട്ടക്കൊലക്കേസിൽ തെളിവെടുപ്പിനിടെ പ്രതി മായീൻകണ്ണിന്റെ ചോദ്യം കേട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പോലും ഞെട്ടി
നാഗർകോവിൽ: ഊരൂട്ടമ്പലം ഇരട്ടക്കൊലപാതക കേസിലെ പ്രതി മാഹിൻ കണ്ണുമായി അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി തെളിവെടുത്തു. കന്യാകുമാരി ജില്ലയിലെ വള്ളവിളയ്ക്കടുത്ത് ആളിലാത്തുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. ചെയ്ത കൃത്യത്തിൽ കുറ്റബോധം ലവലേശം പോലും പ്രകടിപ്പിക്കാതെയായിരുന്നു പ്രതിയുടെ ചേഷ്ടകൾ. ഒരു വേള എങ്ങനെയാണ് കൊല നടത്തിയതെന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി ജോൺസണിന്റെ ചോദ്യത്തിന് സാറിനെ തള്ളിയിട്ട് കാണിക്കണോ എന്നായിരുന്നു മാഹിൻ കണ്ണിന്റെ മറുപടി
ഊരൂട്ടമ്പലം സ്വദേശിനി ദിവ്യയെയും (23), മകൾ ഗൗരിയെയും (2) കടലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെങ്ങനെയാണെന്ന് മാഹിൻകണ്ണ് കാണിച്ചുകൊടുത്തു. 2011 ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് കൃത്യം ചെയ്തതെന്ന് മൊഴി നൽകി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പ്രതിയുമായെത്തിയത്.
ഊരൂട്ടമ്പലത്തെ വീട്ടിൽ നിന്നാണ് ദിവ്യയെയും മകളെയും ആളില്ലാത്തുറയിലെത്തിച്ചത്. ആളൊഴിഞ്ഞ തീരത്തുവച്ച് ഇരുവർക്കിമിടയിൽ തർക്കമുണ്ടായി. പ്രകോപിതനായ പ്രതി ദിവ്യയെ ആദ്യം കടലിലേക്ക് തള്ളിയിട്ടു.പിന്നാലെ കുഞ്ഞിനെ എടുത്തെറിഞ്ഞു. ഇരുവരും കടലിൽ മുങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് മഹീൻ മടങ്ങിയത്. തെളിവെടുപ്പിന് ശേഷം വൈകിട്ട് ആറോടെ പൊലീസ് സംഘം പ്രതിയുമായി മടങ്ങി. മാഹിൻ കണ്ണിനെ 13ന് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി ജോൺസൺ പറഞ്ഞു.