പ്ലസ്ടു വിദ്യാർത്ഥിനി എംബിബിഎസ് പഠിച്ചത് നാല് ദിവസം, ക്ലാസിലെത്തിയിട്ടും അധികൃതർ ഒന്നുമറിഞ്ഞില്ല
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലാസിൽ അധികൃതർ അറിയാതെ പ്ലസ്ടു വിദ്യാർത്ഥിനിയിരുന്നത് നാല് ദിവസം. മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയാണ് ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനികളുടെ ക്ലാസിലിരുന്നത്. അഞ്ചാം ദിവസം ക്ലാസിൽ ഹാജരാകാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് പ്ലസ്ടു വിദ്യാർത്ഥിനിയാണെന്ന് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ നവംബർ 29നാണ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് തുടങ്ങിയത്. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. 246ാമത്തെയാളായിട്ടാണ് മലപ്പുറം സ്വദേശിനി ക്ലാസിലെത്തിയത്. ഇക്കാര്യം അധികൃതർ ശ്രദ്ധിച്ചുമില്ല. കുട്ടിയുടെ പേര് ഹാജർ പട്ടികയിലുണ്ട് എന്നതാണ് വിചിത്രമായ കാര്യം.
നവംബർ 29 മുതൽ ഡിസർ രണ്ട് വരെ പെൺകുട്ടി ക്ലാസിലെത്തി. അഞ്ചാം ദിവസം വിദ്യാർത്ഥിനി എത്താതായതോടെ പ്രവേശന രജിസ്റ്ററും ഹാജർ പട്ടികയും താരതമ്യം ചെയ്തതോടെയാണ് അധികൃതർക്ക് കാര്യം ബോദ്ധ്യപ്പെട്ടത്. ഫേസ്ബുക്കിലുൾപ്പെടെ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചവിവരം വിദ്യാർത്ഥിനി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.