തലസ്ഥാനം ഇന്നുമുതൽ ലോകസിനിമാ ലഹരിയിലേക്ക്; 27ാമത് ഐഎഫ്എഫ്കെ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ലോകസിനിമാ പ്രേമികൾ വരുന്ന ഒരാഴ്ച തലസ്ഥാന നഗരവീഥികൾ കീഴടക്കും. 27ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് വൈകിട്ട് തലസ്ഥാന നഗരിയിൽ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മേള ഉദ്ഘാടനം ചെയ്യും.ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റാണ് വിശിഷ്ടാതിഥി. ചടങ്ങിൽ ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും.രാജ്യാന്തരമേളയുടെ ഉദ്ഘാടനചടങ്ങിന് ശേഷം വിശ്വവിഖ്യാത സിത്താർ വാദകൻ പുർഭയാൻ ചാറ്റർജിയുടെ സിത്താർ കച്ചേരിയുണ്ടാകും.ലോകത്തെ വിവിധ സംഗീത രീതികളെ സിത്താറിലേക്കു ആവാഹിക്കുന്ന പൗരാണിക സംഗീതത്തിന്റെ സമന്വയമാണ് കച്ചേരിയിൽ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് പുർഭയാൻ തലസ്ഥാനത്ത് സിത്താർ സന്ധ്യ അവതരിപ്പിക്കുന്നത്. ശേഷം ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ടോറി ആന്റ് ലോലിത എന്ന ചിത്രം പ്രദർശിപ്പിക്കും. കാൻ ചലച്ചിത്രമേളയുടെ 75ാം വാർഷിക പുരസ്കാരം നേടിയ ചിത്രമാണിത്. 70ഓളം രാജ്യങ്ങളിൽ നിന്നുളള 186 ചിത്രങ്ങളാകും മേളയിൽ പ്രദർശിപ്പിക്കുക.അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14, മലയാളം സിനിമ ടുഡെ വിഭാഗത്തിൽ 12ഉം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളാണുണ്ടാകുക.