തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായത് രണ്ട് വർഷത്തോളം; പീഡിപ്പിച്ചവർ സുഹൃത്തുക്കൾക്ക് നമ്പർ കൈമാറിയെന്ന് വിവരം
തിരുവനന്തപുരം: മലയിൻകീഴിൽ പീഡനവും ഭീഷണിയും കാരണം ഒളിച്ചോടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടി നേരിട്ടത് കൊടിയ പീഡനമെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. രണ്ട് വർഷത്തോളമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതികൾ പീഡിപ്പിച്ച് വരികയായിരുന്നു. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിലും പകർത്തി. ഇവർ പെൺകുട്ടിയുടെ ഫോൺ നമ്പർ സുഹൃത്തുക്കൾക്ക് കൈമാറി. ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം ഈ ദൃശ്യങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഒടുവിൽ താങ്ങാനാകാതെ നാടുവിടാൻ ശ്രമിക്കവെയാണ് കുട്ടി പൊലീസ് പിടിയിലായത്.
പിന്നീട് ഡോക്ടറോട് താൻ നേരിട്ട പീഡനവിവരങ്ങൾ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജിനേഷിന്റെ ഫോണിൽ നിന്നും ഇയാൾ മുപ്പതോളം സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതിന്റെ തെളിവ് ലഭിച്ചു. ഇതിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. ഇയാളും ഒരു പ്ളസ്ടു വിദ്യാർത്ഥിയുമടക്കം എട്ട് പേർക്കെതിരെയാണ് സംഭവത്തിൽ പോക്സോ അടക്കം വകുപ്പുകളനുസരിച്ച് കേസെടുത്തത്.
ലഹരി, പെൺവാണിഭ സംഘങ്ങൾക്ക് ഈ അറസ്റ്റിലായവരുമായി ബന്ധമുണ്ടെന്നാണ് വിവരം. ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പോകാൻ പെൺകുട്ടി സമൂഹമാദ്ധ്യമ സുഹൃത്തായ തൃശൂർ സ്വദേശിയെ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.