‘ദിലീപി’ന് ‘ലൂക്ക് ആന്റണി’യുടെ വക റോളക്സ് വാച്ച്; മമ്മൂട്ടിയുടെ സര്‍പ്രൈസില്‍ ഞെട്ടി ആസിഫ്
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ നടന് ആസിഫ് അലിക്ക് മമ്മൂട്ടി നല്കിയ അപ്രതീക്ഷിത സമ്മാനമാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണിപ്പോള്‍.
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ ദിലീപ് എന്ന വില്ലന്‍ വേഷത്തിലാണ് ആസിഫ് അലിയെത്തിയത്. മുഖം മറച്ച് കണ്ണ് മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്നു ഈ കഥാപാത്രത്തെ ആസിഫ് അവതരിപ്പിച്ചത്. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഒരു റോളക്സ് വാച്ചാണ് മമ്മൂട്ടി ആസിഫിന് സമ്മാനമായി നല്‍കിയത്. ദുല്‍ഖര്‍ സല്‍മാനും ഈ സമയം വേദിയിലുണ്ടായിരുന്നു.
”കമല്ഹാസന് സൂര്യയ്ക്ക് റോളക്സ് വാച്ച് നല്കിയ വാര്‍ത്ത കണ്ടിരുന്നു. ആ പടത്തിന് 500 കോടിയാണ് കലക്ഷന്‍. അതില്‍ നിന്നാണ് പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് മേടിച്ചുകൊടുത്തത്. ഞാന്‍ ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഭയങ്കരവിലയാകും ആ വാച്ചിന്. ആസിഫ് എന്നോട് ചോദിച്ചത് റോളക്സ് വാച്ച് വാങ്ങിച്ച് തരുമോ എന്നാണ്. റോളക്സ്’. മമ്മൂട്ടി ഇങ്ങനെ പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും വേദിയിലേക്ക് റോളക്സ് വാച്ച് എത്തി.
സൂപ്പര്‍താരത്തിന്റെ സര്‍പ്രൈസ് കണ്ട് ആവേശഭരിതനാവുന്ന ആസിഫ് അലിയേയും വീഡിയോയില്‍ കാണാം. മമ്മൂട്ടി തന്നെയാണ് വാച്ച് കൈമാറുന്നതും. വാച്ച് സ്വീകരിച്ചശേഷം മമ്മൂട്ടിയേയും ദുല്‍ഖറിനേയും ആലിംഗനം ചെയ്യുന്നുമുണ്ട് ആസിഫ്. നേരത്തേ റോഷാക്കിലെ ആസിഫ് അലിയുടെ പ്രകടനത്തെ മമ്മൂട്ടി അഭിനന്ദിച്ചിരുന്നു. മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖംകൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ ബഹുമാനിക്കണം. അയാള്‍ക്ക് ഒരു കയ്യടി വേറെ കൊടുക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്