കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയില്ല, പാര്‍ട്ടി വിട്ട് വിമതനായ ആശിഷ് ശര്‍മ വിജയത്തിലേക്ക്
ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ മണ്ഡലത്തില്‍ വിജയത്തിലേക്ക് കുതിച്ച് കോണ്‍ഗ്രസ് വിമതന് ആശിഷ് ശര്‍മ. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 47.49 ശതമാനം വോട്ടുവിഹിതമാണ് ആശിഷ് പെട്ടിയിലാക്കിയത്.
കോണ്‍ഗ്രസ് നേതാവായിരുന്ന ആശിഷ്, പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് റിബലായി മത്സരിച്ചത്. കോണ്‍ഗ്രസ് ആദ്യം ആശിഷിനെ സ്ഥാനാര്‍ഥിയാക്കി നിശ്ചയിക്കുകയും പിന്നീട് പുഷ്പിന്ദര്‍ വര്‍മയ്ക്ക് അവസരം നല്‍കുകയുമായിരുന്നു. പിന്നൊട്ടും വൈകിയില്ല, രണ്ടുദിവസത്തിനു ശേഷം ആശിഷ് പാര്‍ട്ടി വിടുകയായിരുന്നു.
ഹാമിര്‍പുര്‍ മണ്ഡലത്തിന് മറ്റൊരു ചരിത്രം കൂടിയുണ്ട്. മുന്‍മുഖ്യമന്ത്രി പ്രേം കുമാര്‍ ധൂമല്‍ 2012-ല്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലം കൂടിയായിരുന്നു ഇത്. 1998-2003, 2008-12 കാലയളവില്‍ ഹിമാചല്‍ മുഖ്യമന്ത്രിയായിരുന്ന ധൂമല്‍ ഇക്കുറി മത്സരരംഗത്തു പോലുമില്ല. 2017-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്ഥിമുഖമായിരുന്ന ധൂമല്‍ സുജന്‍പുര്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ രജീന്ദര്‍ റാണയോടായിരുന്നു ധൂമല്‍ തോറ്റത്. പിന്നീട് ബി.ജെ.പി. സംസ്ഥാനത്ത് അധികാരത്തിലെത്തുകയും ജയറാം ഠാക്കൂര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു.
നരീന്ദര്‍ ഠാക്കൂറിനെയാണ് ഇക്കുറി ബി.ജെ.പി. ഹാമിര്‍പുറില്‍ മത്സരിപ്പിച്ചത്. എ.എ.പിയ്ക്കു വേണ്ടി സുശീല്‍ കുമാറും മത്സരിച്ചു. എന്നിരുന്നാലും ആശിഷ് വന്‍മുന്നേറ്റം കാഴ്ചവെക്കുകയായിരുന്നു.