ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ, വില്‍പ്പന കണ്ണൂരില്‍; വന്‍ മയക്കുമരുന്ന് വേട്ട, രണ്ടുപേര്‍ പിടിയില്‍
അറസ്റ്റിലായ ഷമീർ, ജസീർ എന്നിവരും കസ്റ്റഡിയിലെടുത്ത കാറും
കണ്ണൂര്‍: ബെംഗളൂരുവില്‍നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ ഉളിയില്‍ സ്വദേശികളായ ജസീര്‍(42), ഷമീര്‍(39) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ല പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍നിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന 300 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ പോലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പോലീസ് പറഞ്ഞു.
ഇരിട്ടി കൂട്ടുപുഴ പാലത്തിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. ജസീര്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാന എം.ഡി.എം.എ. വിതരണക്കാരനാണ്. ബെംഗളൂരുവിലെ നൈജീരിയന്‍ സ്വദേശികളില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കണ്ണൂരില്‍ വില്‍പ്പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതി. ഇവരെക്കുറിച്ച് വിവരം ലഭിച്ചതോടെ ലഹരിവിരുദ്ധ സ്ക്വാഡ് ഒരുമാസത്തോളമായി ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് കൂട്ടുപുഴയില്വെച്ച് രണ്ടുപേരെയും പിടികൂടിയത്.