ടെലഗ്രാമിലൂടെ കച്ചവടം ഉറപ്പിക്കും, വ്യത്യസ്ത ഹോട്ടലുകളിൽ താമസിച്ച് സംഗതി നടപ്പാക്കുന്ന സംഘം പിടിയിൽ
കൊച്ചി: ടെലഗ്രാം ഗ്രൂപ്പുകൾ വഴി ആവശ്യക്കാരെ കണ്ടെത്തി മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രണ്ടുപേരെ എക്സൈസ് പിടികൂടി. തൃക്കാക്കര കങ്ങരപ്പടി മില്ലുംപടി സ്വദേശി ബിപിൻ മോഹൻ (32 വയസ്സ്), കോട്ടയം കല്ലറ മുണ്ടാർ സ്വദേശി അജിത്ത് പി.കെ (23 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികളായ ഇവർ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ എക്സൈസ് സംഘത്തിനെ ആക്രമിച്ചു രക്ഷപെടാൻ ശ്രമിച്ചു.
പാർട്ടി ഡ്രഗ്ഗ് എന്നറിയപ്പെടുന്ന 6 ഗ്രാം MDMA യാണ് പരിശോധനയിൽ ഇവരിൽ നിന്ന് കണ്ടെടുത്തത്. പ്രതികളിൽ നിന്ന് നിരവധി യുവാക്കൾ മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചന കിട്ടിയിട്ടുണ്ട്. കാക്കനാട് ഒരു ഇടത്താവളമാക്കി വൻതോതിൽ മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് സിറ്റി മെട്രോ ഷാഡോ ടീമിന് നേരത്തെ വിവരം ലഭിച്ചിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ താമസിക്കാതെ ഓൺലൈൻ മുഖേന ഓരോ ദിവസവും വ്യത്യസ്ത ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു മയക്ക് മരുന്ന് ഇടപാട്. വ്യത്യസ്ത ആളുകളുടെ പേരിൽ മുറി ബുക്ക് ചെയ്ത് ഒറ്റ ദിവസം മാത്രം താമസിച്ച ശേഷം അടുത്ത സ്ഥലത്തേയ്ക്ക് മാറുകയും, വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ ഇവരുടെ ഇടപാടുകൾ കണ്ടെത്തുക ദുഷ്കരമായിരുന്നു. കാക്കനാട് ഭാഗങ്ങളിൽ നീരീക്ഷണം ശക്തമാക്കി വരുന്നതിനിടയിൽ ഇവർ തൃക്കാക്കര കങ്ങരപ്പടിയിലുള്ള ഒരു ഹോട്ടലിൽ താമസിച്ച് മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് പ്രതികളെ വലയിലാക്കാൻ കഴിഞ്ഞത്.
എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസർ അജിത്കുമാർ എൻ.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.ഡി. ടോമി, ദിനോബ് പി, വനിത സിവിൽ എക്സൈസ് ഓഫീസർ പി. അനിമോൾ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.