വസ്ത്രവും വാചും മോതിരവും ആക്രമിക്കപ്പെട്ട വയലിൽ നിന്ന് കണ്ടെത്തി. പ്രതികൾ അഞ്ചുപേർ. ഒളിവിൽ പോയവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതം
തൃക്കരിപ്പൂർ: വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളുമായി കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം യുവാവ് ആക്രമിക്കപ്പെട്ടതായി പറയുന്ന പൊറപ്പാട്ടെ വയലിൽ തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് പ്രിജേഷിന്റെ കുപ്പായവും വാചും മോതിരവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശഹബാസ് (22), മുഹമ്മദ് രഹ്നാസ് (23) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ഒരു വീടിന് സമീപം സംശയാസ്പദമായി കണ്ട യുവാവിനെ ഞായറാഴ്ച 10 മണിയോടെ പൊറപ്പാട്ടെ വയലിൽ വച്ച് പ്രതികൾ മരത്തിന്റെ പട്ടിക കൊണ്ടും തെങ്ങിൻ്റെ മടൽ കൊണ്ടും അടിച്ച് പരിക്കേൽപ്പിക്കുകയും മരണം ഉറപ്പാക്കിയ ശേഷം, യുവാവ് സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈകിൽ ഇരുത്തി വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചുവെന്നുമാണ് പ്രതികളുടെ മൊഴി ഉദ്ധരിച്ച് പൊലീസ് പറയുന്നത്.
പ്രിജേഷിൻ്റെ കാണാതായ മൊബൈൽ ഫോൺ ശഹബാസിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. കൊലയിൽ നേരിട്ട് പങ്കെടുത്തത് സഫ്വാൻ (25) എന്ന യുവാവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളടക്കം പിടിയിലാവാനുള്ള മൂന്ന് പേർക്കായി തിരച്ചിൽ നടത്തിവരികയാണ്. പ്രിജേഷിന്റെ മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ പറമ്പിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്താനുണ്ട്. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം.