അശ്ലീലവീഡിയോ പകര്‍ത്തി ഹണിട്രാപ്പ്, തട്ടിയത് 80 ലക്ഷം; വ്ളോഗറായ യുവതി അറസ്റ്റില്‍
ന്യൂഡല്‍ഹി: വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ വ്ളോഗര്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയും പ്രമുഖ യൂട്യൂബ് വ്ളോഗറുമായ നംറ ഖാദിറിനെയാണ് ഗുരുഗ്രാം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നംറയുടെ ഭര്‍ത്താവ് വിരാട് ബെനിവാളും കേസില്‍ പ്രതിയാണെന്നും ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
പരസ്യകമ്പനി ഉടമയായ വ്യവസായിയാണ് നംറ ഖാദിറിനെതിരേ നവംബര്‍ 24-ന് പോലീസില്‍ പരാതി നല്‍കിയത്. ഹണിട്രാപ്പില്‍ കുടുക്കി അശ്ലീലവീഡിയോ പകര്‍ത്തിയ യുവതി, ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി 80 ലക്ഷത്തിലേറെ രൂപ തട്ടിയെന്നായിരുന്നു പരാതിയിലെ ആരോപണം. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച ഗുരുഗ്രാം പോലീസ് ചൊവ്വാഴ്ച യുവതിയെ പിടികൂടുകയായിരുന്നു.
ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍വെച്ചാണ് നംറയെ ആദ്യമായി കണ്ടതെന്നാണ് വ്യവസായിയുടെ പരാതിയില്‍ പറയുന്നത്. യുട്യൂബ് വീഡിയോകളിലൂടെ തന്റെ ബിസിനസ് പ്രൊമോഷന് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് യുവതിയുമായി സംസാരിച്ചത്. പ്രൊമോഷനായി 2.5 ലക്ഷം രൂപ നംറ അഡ്വാന്‍സായി കൈപ്പറ്റി. പക്ഷേ, പണം വാങ്ങിയിട്ടും വീഡിയോ ചെയ്തില്ല. തുടര്‍ന്ന് ഇക്കാര്യം ചോദിച്ചതോടെയാണ് ഹണിട്രാപ്പ് കെണിയൊരുക്കി യുവതി പണം തട്ടിയെടുത്തതെന്നും പരാതിയില്‍ പറയുന്നു.
ഒരുദിവസം യുവതി തന്നെ ഹോട്ടല്‍മുറിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് മയക്കുമരുന്ന് നല്കി തന്റെ അശ്ലീലവീഡിയോ പകര്‍ത്തി. പിന്നീട് ഈ വീഡിയോ കാണിച്ചാണ് പണം തട്ടിയതെന്നും ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന് ആരോപിക്കുന്നു.
ആറുലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബറാണ് നംറ ഖാദിര്‍. ഇന്‍സ്റ്റഗ്രാമില്‍ രണ്ടുലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട്. നംറയുടെ ഭര്‍ത്താവായ വിരാട് ബെനിവാളും ഇതേ കേസില്‍ പ്രതിയാണ്. എന്നാല്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണ്