പയ്യന്നൂര്‍: മദ്യലഹരിയില്‍ കാറോടിച്ച് അപടകമുണ്ടാക്കിയ അധ്യാപകനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.സൗത്ത് തൃക്കരിപ്പൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകന് കരിവെള്ളൂരിലെ തെരുവിലെ കുഞ്ഞമ്പുവിന്റെ മകന് രാമനിലയത്തില്‍ കെ.ജയേഷിനെയാണ് 42,പോലീസ് അറസ്റ്റ്ചെയ്തത്.ഇന്നലെ ഉച്ചയോടെ കരിവെള്ളൂരിലാണ് സംഭവം.സ്കൂളില്‍ നിന്നും അവധിയെടുത്ത അധ്യാപകനാണ് മദ്യലഹരിയിലോടിച്ച കാര്‍ ചെറുതാഴം അതിയടത്തെ രാഹുലിന്റെ കാറിന്റെ പിന്നിലിടിച്ച് അപകടമുണ്ടാക്കിയത്.പട്രോളിങ്ങിനിടയിലെത്തിയ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.മദ്യപ്പിച്ചുണ്ടെന്ന് തെളിഞ്ഞതിനെതുടര്‍ന്നാണ് പോലീസ് ഇയാളെ മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തത്.ഇയാളോടിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ഡിസംബര്‍ 12ന് സ്കൂളിനു മുന്നില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയെന്ന സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ യുവാവിനെതിരെ ചന്തേരപോലീസ് കേസെടുത്തിരുന്നു.പരാതിക്കാസ്പദമായ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ പ്രിന്സിപ്പാളിനെതിരെയും പരാതിയുണ്ടായിരുന്നു.ഇതേതുടര്‍ന്ന് പ്രിന്‍സിപ്പാളിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച പോലീസ് നടപടിക്കെതിരെയും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നയിക്കാന്‍ കഠിനപ്രയത്നം ചെയ്യുകയാണ് കേരളത്തിലെ അധ്യാപകരെന്നും ഇതിന് അധ്യാപകരെ പിന്തുണക്കേണ്ടവരാണ് പോലീസും മറ്റധികാരികളുമെന്ന വിശദീകരണവുമായി കാസര്‍കോട് എകെഎസ്ടിയു ജില്ലാ ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു.പയ്യന്നൂര്‍ സി.ഐ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യവുമായി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു.ഇങ്ങനെ വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നയിക്കാന്‍ കഠിനപ്രയത്നം ചെയ്യുന്നുവെന്ന് പറയുന്ന ഇതേ അധ്യാപകനാണ് ഇന്നലെ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയത്.അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണത്തിന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് സി.ഐ.പി.കെ.ധനഞ്ജയ ബാബു അറിയിച്ചു.