പാര്‍സലുകളില്‍ സംശയങ്ങളുണ്ടെങ്കില്‍ വിവരം തരണം: കൊറിയര്‍ സര്‍വീസുകാര്‍ക്ക് എക്സൈസ് നിര്‍ദേശം
തിരുവനന്തപുരം: ലഹരിക്കടത്ത് തടയുന്നതിനായി കൊറിയര്‍ സര്‍വീസുകാര്‍ക്ക് എക്സൈസ് വകുപ്പിന്റെ നിര്‍ദേശം. സ്ഥിരമായി പാര്‍സലുകള്‍ വരുന്ന മേല്‍വിലാസങ്ങള്‍ നിരീക്ഷിക്കണമെന്നുള്പ്പെടുള്ള നിര്‍ദേശമാണ് നല്‍കിയിയത്. കൊറിയര്‍ സര്‍വീസിനെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് കൊറിയര്‍ സര്‍വീസിലൂടെ ലഹരി കടത്തിയ സംഭവമുണ്ടായിരുന്നു. ഇതിന്റ പശ്ചാത്തലത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് കൊറിയര്‍ സര്‍വീസ് വ്യാപകമായി
ലഹരിക്കടത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. നിരന്തരമായി പാര്‍സല്‍ വരാന്‍ സാധ്യതയില്ലാത്ത മേല്‍വിലാസങ്ങളിലേക്ക് പാര്‍സല്‍ വരുന്നത് നിരീക്ഷിക്കണമെന്നും കൊറിയര്‍ കൈപ്പറ്റാന്‍ വരുന്നവരില്‍ സംശയമുണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നുമുള്ള നിര്‍ദേശമാണ് എക്സൈസ് നല്‍കിയിരിക്കുന്നത്.
പാര്‍സലുകള്‍ തുറന്ന് പരിശോധിക്കുന്നത് അപ്രായോഗികമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഒരു ജാഗ്രത വേണമെന്നും എക്സൈസ് വ്യക്തമാക്കി. കൊറിയര്‍ സര്‍വീസുകാരുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കുമെന്നും എക്സൈസ് വ്യക്തമാക്കി.