എട്ടുവയസുകാരൻ 400 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു, രക്ഷാപ്രവർത്തനം തുടരുന്നു
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബിട്ടുളിൽ എട്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു. തൻമയ് ദിയാവർ ആണ് 400 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. കിണറിന്റെ 60 അടിയിലായി തങ്ങിനിൽക്കുന്ന കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. തൻമയ് അബോധാവസ്ഥയിലാണെന്ന് രക്ഷാസംഘം അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം
ബിട്ടുളി സ്വദേശി നാനാക് ചൗഹാന്റെ സ്വകാര്യകൃഷിയിടത്തിലെ കുഴൽക്കിണറിലാണ് കുട്ടി വീണത്. ഇതിന് സമീപത്തായുള്ള മൈതാനത്ത് കളിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നു. രണ്ടുവർഷം മുൻപാണ് കൃഷിയിടത്തിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനായി കിണർ കുഴിച്ചത്. എന്നാൽ വെള്ളം കിട്ടാത്തതിനാൽ ഇത് പിന്നീട് ഇരുമ്പ് പാളികൊണ്ട് മൂടിയെന്നാണ് ചൗഹാൻ പറയുന്നത്. കുട്ടി ഇരുമ്പ് പാളിയെങ്ങനെയാണ് നീക്കം ചെയ്തതെന്ന് അറിയില്ലെന്നും ഇയാൾ പറഞ്ഞു.
കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയ്ക്ക് ഓക്സിജൻ നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് അംഗങ്ങളും സ്ഥലത്തുണ്ട്.