ഗോളുകളുടെ ആറാട്ടിന് പിന്നാലെ റൊണാൾഡോയെ കളത്തിലിറക്കി പോർച്ചുഗൽ; പ്രീ ക്വാർട്ടറിൽ അകാൻജിയിലൂടെ തിരിച്ചടിച്ച് സ്വിറ്റ്സർലൻഡ് (5-1)
ദോഹ: സൂപ്പർ താരമായ റൊണാൾഡോയില്ലാതെ പ്രീ ക്വാർട്ടർ മത്സരത്തിനിറങ്ങിയ പോർച്ചുഗലിന് അടവ് പിഴച്ചിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു യുവതാരം ഗോൺസാലോ റാമോസ് കാഴ്ച വെച്ചത്. റൊണാൾഡോയ്ക്ക് പരക്കാരനായി ടീമിലെത്തിയ റാമോസ് മൂന്ന് ഗോളുകൾ അടിച്ച് കൂട്ടിയതോടെ പോർച്ചുഗൽ സ്വിസ്റ്റലാൻഡിനെതിരെ 5-1 ന് ലീഡുയർത്തി.
മത്സരത്തിന്റെ 17-ാം മിനിറ്റിൽ തന്നെ ഗോളടിച്ചായിരുന്നു റാമോസിന്റെ തുടക്കം . പിന്നാലെ 33-ാം മിനിറ്റിൽ പോർച്ചുഗലിനായി ഗോൾ വല ചലിപ്പിച്ച പെപ്പെ ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും കരസ്ഥമാക്കി. 50-ാം മിനിറ്റിൽ റാമോസ് പോർചുഗലിനായി ഇരട്ട ഗോൾ നേടി. മത്സരത്തിന്റെ 55-ാം മിനിറ്റിലായിരുന്നു റാഫേൽ ഗ്വെറെയ്റോയുടെ ഗോൾ നേട്ടം. ഒടുവിൽ 60-ാം മിനിറ്റിൽ പരിശീലന സെഷനെന്ന പോലെ റാമോസ് വീണ്ടും ഗോൾ നേടി ഹാട്രിക്ക് നേട്ടം ഉറപ്പിച്ചു. മാനുവൽ അകാൻജിയാണ് 58–ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിനായി ഒരു ഗോൾ മടക്കിയത്. ആദ്യ പകുതിയിൽ അവസരം ലഭിക്കാതിരുന്ന റൊണാൾഡോയെ മത്സരത്തിന്റെ അവസാന 20 മിനിറ്റുകൾക്ക് മുൻപായി പോർച്ചുഗൽ കളത്തിലിറക്കിയിട്ടുണ്ട്.