പതിനാറുകാരിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ നേതാവുൾപ്പടെ എട്ട് പേർക്കെതിരെ കേസ്, രണ്ട് വർഷമായി പ്രതികളെല്ലാവരും പെൺകുട്ടിയെ ഇരയാക്കിയത് മൊബൈൽ വഴി
മലയിൻകീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴുപേരെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്ലസ്ടു വിദ്യാർത്ഥി, ഡി.വൈ.എഫ്.ഐ നേതാവ് എന്നിവരുൾപ്പെടെ 8 പേർക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഡി.വൈ.എഫ്.ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ. ജിനേഷ് (29), തൃശൂർ കോനത്തുവീട് മേത്തല കുന്ദംകുളത്തുള്ള എസ്. സുമേജ് (21), മലയം ചിത്തിരയിൽ എ. അരുൺ (27), മണികണ്ഠൻ വിഴവൂർ വഴുതോടുവിള ഷാജി ഭവനിൽ എസ്. അഭിജിത്ത് (20), പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ ആർ. വിഷ്ണു (20), പെരുകാവ് തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി (20), പ്ലാങ്കോട്ടുമുകൾ ലക്ഷ്മി ഭവനിൽ എ.അനന്തു(18) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിലുൾപ്പെട്ട പ്ലസ്ടു വിദ്യാർത്ഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ടവരിൽ നിന്ന് ലൈംഗിക പീഡനമേറ്റതായാണ് പെൺകുട്ടിയുടെ മൊഴി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി പെൺകുട്ടിയുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. പെൺകുട്ടി ബാഗും തുണികളുമായി വീട്ടിൽ നിന്നിറങ്ങിയത് സഹോദരൻ കണ്ടിരുന്നു. സംഭവം മാതാവിനോട് പറയുകയും പഞ്ചായത്ത് അംഗം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി കഴിഞ്ഞ രണ്ടുവർഷമായി നേരിടുന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.