കൊച്ചി: കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കിടെ വിമര്‍ശനവുമായി എത്തിയ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സരള പണിക്കര്‍, പ്രസന്ന ബാഹുലേയന്, സി.വി. സജിനി, ബിനി സുരേഷ്, ഡോക്ടര്‍ മല്ലിക എന്നിവരെയാണ് എറണാകുളം നോര്‍ത്ത് വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
തിരുവനന്തപുരം പേയാട് സ്വദേശിനി ആതിരയുടെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയാണു കേസ്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ എട്ടോളം വകുപ്പുകള്‍ ചുമത്തിയാണു കേസ്.
ജനുവരി ഇരുപത്തൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മാതൃസംഗമം എന്ന പേരില്‍ പൗരത്വ ഭേദഗതിക്ക് അനുകൂലമായി സംഘടിപ്പിച്ച പരിപാടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ യുവതിക്കെതിരെ ഒരു സംഘം തിരിയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതിന്റെവീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബിജെപി ജനജാഗ്രത സമിതി പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സജിനിയുടെ പരാതിയില്‍ ആതിരയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.