സ്ത്രീധന പീഡന പരാതി അട്ടിമറിച്ചു, പൊലീസിനെതിരെ പരാതിയുമായി യുവതി
കോടതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പൊലീസ് കേസന്വേഷിച്ചത്. മകളോട് മോശമായി പെരുമാറിയ കാര്യം പോലും പൊലീസ് മുഖവിലക്കെടുത്തില്ലെന്നും യുവതി ആരോപിച്ചു.
തിരുവനന്തപുരം : ഭർതൃവീട്ടിലെ അതിക്രമങ്ങൾക്കും സ്ത്രീധന പീഡനത്തിനുമെതിരായ പരാതിയിലെ അന്വേഷണം പൊലീസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി യുവതി. ഭർത്താവും വീട്ടുകാരും ചേർന്ന് വീട്ടിനുള്ളിൽവെച്ച് മർദ്ദിച്ചുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലെ അന്വേഷണം വെഞ്ഞാറമ്മൂട് പൊലീസ് അട്ടിമറിച്ചെന്നാണ് യുവതിയുടെ പരാതി. നെടുമങ്ങാട് കോടതിയിലും പൊലീസിലുമായിരുന്നു യുവതി പരാതി നൽകിയത്. ഈ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്തതും അന്വേഷണം നടത്തിയതും.
യുവതിയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരം ഭർത്താവിനെയും അമ്മയെയും സഹോദരിയെയും പ്രതിയാക്കിയായിരുന്നു പൊലീസ് കേസെടുത്തത്. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം പൊലീസ്, ഭർത്താവ് വെഞ്ഞാറമൂട് സ്വദേശി അക്ബർ ഷായെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നൽകിയത്. മകളോട് മോശമായി പെരുമാറിയ കാര്യം പോലും പൊലീസ് കാര്യമായെടുത്തില്ല. ഭർത്താവ് ഉപദ്രവിക്കുന്നതിന്റെ ദ്യശ്യങ്ങൾ പൊലും പൊലീസ് മുഖവിലക്കെടുത്തില്ലെന്നും യുവതി ആരോപിച്ചു. പുനരന്വേഷണം ആവശ്യപെട്ട് റൂറൽ എസ്പിക് പരാതി നൽകി.