വയോധികയെ കൊന്ന് അലമാരയില്‍ ഒളിപ്പിച്ചനിലയില്‍; വീടിന്റെ മുകള്‍നിലയില്‍ താമസിച്ച യുവതി ഒളിവില്‍
ഞായറാഴ്ചയും മുറി അടച്ചിട്ടനിലയില്‍ കണ്ടതോടെ സംശയംതോന്നിയ രമേഷ് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം അലമാരയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.
ബെംഗളൂരു: ബെംഗളൂരുവിന് സമീപം ആനെകല്ലില് വയോധികയെ കൊലപ്പെടുത്തി അലമാരയില്‍ ഒളിപ്പിച്ചശേഷം യുവതി ഒളിവില്‍പ്പോയി. അത്തിബെലെ നെരലുരു സ്വദേശി പര്‍വതമ്മ (80) ആണ് കൊല്ലപ്പെട്ടത്. പര്‍വതമ്മയുടെ വീടിന്റെ മുകളിലത്തെനിലയില്‍ താമസിച്ചിരുന്ന പായല്‍ ഖാന് (26) ആണ് കൊലചെയ്തതെന്ന് പോലീസ് പറഞ്ഞു.
വയോധിക അണിഞ്ഞിരുന്നന്ന ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. വയോധിക അണിഞ്ഞിരുന്നന്ന 80 ഗ്രാം ആഭരണങ്ങള്‍ കാണാതായിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് വയോധിക മുറുക്കാന്വാങ്ങാനാണെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞശേഷം പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
ശനിയാഴ്ച മകന് രമേഷ് പര്‍വതമ്മയെ കാണാതായതായി പോലീസില്‍ പരാതിനല്‍കി. ഇതിനിടെ മുകളിലത്തെനിലയില്‍ താമസിക്കുന്ന യുവതിതന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് പര്‍വതമ്മ നേരത്തേ പറഞ്ഞകാര്യം വീട്ടുകാര്‍ക്ക് ഓര്‍മവന്നു. ഇതേത്തുടര്‍ന്ന് മുകളിലത്തെ മുറി പരിശോധിക്കാനെത്തിയപ്പോല് പൂട്ടിയ നിലയിലായിരുന്നു.
ഞായറാഴ്ചയും മുറി അടച്ചിട്ടനിലയില്‍ കണ്ടതോടെ സംശയംതോന്നിയ രമേഷ് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം അലമാരയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.
ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.