ബന്ധുവിന്റെ തലയറുത്ത് ഇരുപതുകാരനും ഭാര്യയും, സെൽഫിയെടുത്ത് സുഹൃത്തുക്കൾ
റാഞ്ചി: വസ്തുതർക്കത്തെത്തുടർന്ന് ഇരുപതുകാരൻ അമ്മാവന്റെ മകനെ കഴുത്തറുത്ത് കൊന്നു. ജാർഖണ്ഡിലെ കുന്തി ജില്ലയിൽ മുർഹു എന്ന സ്ഥലത്താണ് സംഭവം നടന്നത്. ദാസയ് മുണ്ടയുടെ മകൻ കാനു മുണ്ട (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദാസയ് മുണ്ടയുടെ സഹോദരീ- പുത്രൻ സാഗർ മുണ്ട, ഭാര്യ എന്നിവരുൾപ്പടെ ആറുപേർ ഞായറാഴ്ച അറസ്റ്റിലായി.
ഡിസംബർ ഒന്നിന് സാഗറും സുഹൃത്തുക്കളും ചേർന്ന് കാനുവിനെ തട്ടികൊണ്ടുപോവുകയായിരുന്നു. ഈ സമയം കാനു മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പാടത്ത് പണിയ്ക്ക് പോയിരുന്ന ദാസയ് മടങ്ങിവന്നപ്പോൾ കാനുവിനെ സാഗറും സുഹൃത്തുക്കളും ചേർന്ന് തട്ടികൊണ്ടുപോയതായി അയൽക്കാർ അറിയിച്ചു. മകനെ കണ്ടെത്താൻ ദാസയ് തിരച്ചിൽ നടത്തിയെങ്കിലും വിഫലമായതോടെ പിറ്റേദിവസം പൊലീസിൽ പരാതി നൽകി.
പിന്നാലെ നടന്ന പൊലീസ് അന്വേഷണത്തിൽ സാഗറും സുഹൃത്തുക്കളും അറസ്റ്റിലാവുകയായിരുന്നു. തുടർന്ന് കുമാംഗ് ഗോപ്ല വനത്തിൽ നിന്ന് കാനുവിന്റെ ഉടലും പതിനഞ്ച് കിലോമീറ്റർ അകലെയുള്ള ദുൽവ തുംഗ്രി പ്രദേശത്തുനിന്ന് തലയും കണ്ടെത്തി. തലയറുത്തതിന് ശേഷം സാഗറിന്റെ സുഹൃത്തുക്കൾ തല കൈയിൽ പിടിച്ച് സെൽഫി എടുത്തതായി പൊലീസ് പറയുന്നു. പ്രതികളുടെ പക്കൽ നിന്ന് മൊബൈൽ ഫോണുകൾ, രക്തം കട്ടപിടിച്ച നിലയിലുണ്ടായിരുന്ന രണ്ട് മൂർച്ചയേറിയ ആയുധങ്ങൾ, ഒരു കോടാലി, ഒരു എസ് യു വി വാഹനം എന്നിവ പൊലീസ് പിടിച്ചെടുത്തു. കാനുവിന്റെയും സാഗറിന്റെയും വീട്ടുകാർ തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന വസ്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.