കസ്തൂരിയുമായി നാലംഗസംഘം തളിപ്പറമ്പില്‍ പിടിയില്‍; കച്ചവടം ഉറപ്പിച്ചത് അഞ്ചുകോടി രൂപയ്ക്ക്
അറസ്റ്റിലായ പ്രതികളും ഇവരിൽനിന്ന് പിടിച്ചെടുത്ത കസ്തൂരിയും
തളിപ്പറമ്പ്: ചെറുപുഴ റോഡില്‍ പാടിയോട്ടുചാലിന് സമീപം കസ്തൂരി വില്‍പ്പനയ്ക്കെത്തിയ നാലംഗസംഘം അറസ്റ്റില്‍. പാടിയോട്ടുചാല്‍ സ്വദേശികളായ എം.റിയാസ് (35), ടി.പി.സാജിദ് (40), കെ.ആസിഫ് (32), ശ്രീസ്ഥയിലെ വി.പി.വിനീത് (27) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് നടപടി.
കണ്ണൂര്‍ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ. അജിത്ത് കെ.രാമന്റെ നിര്‍ദേശാനുസരണം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. വിനീത് ഇടനിലക്കാരനാണ്. പാടിയോട്ടുചാലിന് സമീപം ആള്‍താമസമില്ലാത്ത പഴയ വീടിന് സമീപത്താണ് പ്രതികളെ കണ്ടെത്തിയത്. കസ്തൂരിമാനില്നിന്ന് ശേഖരിച്ച കസ്തൂരി പത്തനംതിട്ട സ്വദേശികള്‍ക്ക് വില്‍പ്പനയ്ക്കായി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. പത്തനംതിട്ട സ്വദേശികള്‍ ഇത് വാങ്ങുന്നതിനായി പയ്യന്നൂരില്‍ പ്രതികളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അഞ്ചുകോടി രൂപ വില പറഞ്ഞുറപ്പിച്ചാണ് സംഘം കസ്തൂരിയുമായി സ്ഥലത്തെത്തിയത്.
കണ്ണൂര്‍ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റര്‍ കെ.വി.ജയപ്രകാശന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ (ഗ്രേഡ്) കെ.ചന്ദ്രന്, പി.ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഡി.ഹരിദാസ്, ലിയാണ്ടര്‍ എഡ്വേര്‍ഡ്, കെ.വി.ശിവശങ്കര്‍, പി.പി.സുബിന്, സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ ടി.പ്രജീഷ് എന്നിവരുമുണ്ടായിരുന്നു. കേസ് തുടര്‍നടപടികള്‍ക്കായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി.
എട്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
വന്യജീവി സംരക്ഷണനിയമം 1972-ലെ ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട കസ്തൂരിമാനിനെ വേട്ടയാടി കൊന്നാണ് കസ്തൂരി ശേഖരിക്കുന്നത്. ഇത് മൂന്നുമുതല്‍ എട്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികളുടെ മോഹവിലയാണ് അനധികൃത വ്യാപാരികള്‍ നല്‍കുന്നത്. കസ്തൂരിയുടെ മണമാണ് ഇതിന്റെ മോഹവിലയ്ക്ക് കാരണം. സാധാരണ കസ്തൂരിമാനുകളെ കാണുന്നത് ഹിമാലയന്‍ സാനുക്കളിലാണ്.