പ്രവാസികളുടെ 21 വയസ് പൂർത്തിയായ മക്കൾക്ക് ഇഖാമ പുതുക്കുന്നതിൽ നിയന്ത്രണം
റിയാദ്: രാജ്യത്ത് കഴിയുന്ന പ്രവാസികളുടെ 21 വയസ് പൂർത്തിയായ മക്കളുടെ ഇഖാമ പുതുക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി. പ്രവാസികളുടെ ആശ്രിത വിസയിൽ കഴിയുന്ന 21 വയസ് പൂർത്തിയായ മക്കളുടെ ഇഖാമ പുതുക്കലിലെ നിയന്ത്രണങ്ങളെ സംബന്ധിച്ച് സൗദി പാസ്പോർട്ട് ഡയറക്ടേറ്റ് നിർദേശങ്ങൾ പുറത്തിറക്കി.
പ്രവാസികൾ തങ്ങളുടെ 21 വയസ് പൂർത്തിയായ മകന്റെ ഇഖാമ പൂർത്തിയാക്കണമെങ്കിൽ വിദ്യാർത്ഥിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കണം. കൂടാതെ ആൺമക്കൾക്ക് 25 വയസ് പൂർത്തിയായാൽ സ്പോൺസർഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേയ്ക്ക് മാറ്റുകയും നടപടി സമയത്ത് രാജ്യത്ത് ഉണ്ടായിരിക്കുകയും വേണം. പ്രവാസികളുടെ ആശ്രയ വിസയിൽ കഴിയുന്ന പെൺമക്കളുടെ ഇഖാമ പുതുക്കാനായി വിവാഹിതരല്ല എന്ന് തെളിയിക്കുന്ന രേഖകളാണ് അധികൃതരുടെ പക്കൽ ഹാജരാക്കാനുള്ളത്.
അതേ സമയം ഉംറ വിസയിൽ രാജ്യത്തെത്തുന്നവർക്ക് പുതിയ മാറ്റം നടപ്പിലാക്കിയതായും സൗദി അറിയിച്ചിരുന്നു. അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാണ് പുതിയ മാറ്റം ബാധകമാകുക. ഇതിന്റെ ഭാഗമായി ബ്രിട്ടൻ, ടുണീഷ്യ, കുവൈത്ത്, ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടി വരും. പുതിയ നിയമത്തെക്കുറിച്ച് ഹജ്ജ് ഉംറ മന്ത്രാലയം ട്വീറ്റ് വഴിയാണ് അറിയിച്ചത്.